ആലപ്പുഴ: 'ജനാധിപത്യത്തിൽ വിശ്വാസമുണ്ട്. പക്ഷേ, ഞാനെഴുതിയ സിനിമകളിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല"- മധു മുട്ടം പറയുന്നു. കഥയെ മാത്രമല്ല മധുവിന്റെ മനസിനെയും രാഷ്ട്രീയം കവർന്നിട്ടില്ല. ആരോഗ്യപ്രശ്നങ്ങളാൽ പലപ്പോഴും വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിൽ വിഷമമുണ്ടെന്ന് തിരക്കഥാകൃത്ത് മധുമുട്ടം വ്യക്തമാക്കുന്നു.
ജനാധിപത്യത്തിലുള്ള വിശ്വാസമില്ലായ്മയല്ല, ആരോഗ്യ പ്രശ്നങ്ങളാണ് വോട്ട് ചെയ്യാൻ പോകാത്തതിന് പിന്നിൽ. പ്രായപൂർത്തി വോട്ടവകാശം ഉണ്ടായതിന് ശേഷം ഒരിക്കൽ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു. അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാത്രം. മുട്ടം തെരുവിൽ തെക്കതിൽ പരേതരായ കുഞ്ഞുപണിക്കർ - മീനാക്ഷി അമ്മ ദമ്പതികളുടെ ഏക മകനാണ് അറുപത്തിയെട്ടുകാരനായ മധു മുട്ടം. ആരോഗ്യ പ്രശ്നങ്ങൾ കാരണം പോളിംഗ് ബൂത്തിലെ നീണ്ട ക്യൂവിൽ നിൽക്കാനാവില്ല. അതുകൊണ്ടാണ് പലപ്പോഴും വോട്ട് ചെയ്യാൻ കഴിയാതിരുന്നതെന്ന് പറയുമ്പോഴും മധുവിന്റെ മനസിൽ പച്ചപിടിച്ച് നിൽക്കുന്ന ചില ഓർമ്മകളുണ്ട്.
മധുവിന്റെ ചെറുപ്പകാലത്ത് മുട്ടം പ്രദേശം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു. 1957, 58 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കൾ മുട്ടത്തെ തെരുവിൽ തെക്ക്, തോപ്പിൽ വീടുകളിൽ എത്തിയിരുന്നു. സുശീലാ ഗോപാലന്റെ സഹോദരി സരോജിനി അമ്മയുടെ തോപ്പിൽ വീട്ടിലാണ് എ.കെ.ഗോപാലൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നത്. ഇവരുടെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ അന്നും ഇന്നും ഒരു പാർട്ടിയോടും മുന്നണിയോടും താത്പര്യം തോന്നിയിട്ടില്ല. നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടില്ല.
നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ 1967ൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയോടും താത്പര്യം കാണിച്ചില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം അന്നും ഇന്നും ബാധിച്ചിട്ടില്ല. ഇത്തവണയും വോട്ട് മുട്ടം മാമ്മൂട് സ്കൂളിലാണ്. പോകാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. രോഗം കുറഞ്ഞാൽ വോട്ട് ചെയ്യാൻ പോകുമെന്ന് മധു മുട്ടം പറയുന്നു.
'കമ്പോളവത്കരണത്തിനെതിരെ ആഗോളതലത്തിൽ ഒരു കൂട്ടായ്മ ഉണ്ടാക്കണം. അത് ഭാരതത്തിൽ നിന്നാകണം. ഗാന്ധിയൻ ആദർശത്തിൽ ഊന്നൽ നൽകിയായിരിക്കണം കൂട്ടായ്മ. ഒരു വ്യക്തിയെതന്നെ രണ്ടായി വേർതിരിക്കുന്നതാണ് കമ്പോള സംസ്കാരം. മലയാളി മനസുകൾ കമ്പോള സംസ്കാരത്തിന് അടിമകളായി മാറി. ഗാന്ധിയൻ ആദർശം ലോകത്തിന് മാതൃകയാണ്" - മധുമുട്ടം പറയുന്നു.