paravur
പരവൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ അനധികൃത വാഹനപാർക്കിംഗ്

 കാട് പിടിച്ച് കിടക്കുന്നത് 5 ഏക്ക‌ർ സ്ഥലം

പരവൂർ: നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന പരവൂർ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ല. സമീപത്തായി റെയിൽവേയുടെ അ‌ഞ്ച് ഏക്കറോളം പുരയിടം കാട് പിടിച്ച് ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് യാത്രക്കാർക്ക് ഈ ബുദ്ധിമുട്ട് സഹിക്കുന്നത്.

നിലവിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്തും പരവൂർ ഫയർ സ്റ്റേഷന് മുന്നിലുമായി അനധികൃതമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന റെയിൽവേ പുറമ്പോക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെങ്കിലും ഇവിടെ നിന്ന് വാഹനങ്ങൾ മോഷണം പോകുന്നതായും വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതായും പരാതിയുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് ഇവിടെ പാർക്ക് ചെയ്യാൻ കഴിയുന്നത്. പരവൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ നിലവിലെ പാർക്കിംഗ് സൗകര്യം ഫലപ്രദമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

 സാമൂഹ്യ വിരുദ്ധരുടെ താവളമായി റെയിൽവേ പുറമ്പോക്ക്

പരവൂർ റെയിൽവേസ്റ്റേഷന് സമീപത്തായി കാട് പിടിച്ച് കിടക്കുന്ന റെയിൽവേ പുറമ്പോക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.അടുത്തിടെ ആത്മഹത്യാ ശ്രമത്തിനിടെ ബീറ്ര് പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടിയെ പ്രദേശത്തെ യുവാവ് ഈ കാട്ടിൽ വച്ച് പീ‌ഡ‌ിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. മുമ്പ് ഒരു വൃദ്ധയെ മാനഭംഗപ്പെടുത്തിയെ ശേഷം കൊന്ന് ഇവിടെ കെട്ടിത്തൂക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

കാട് പിടിച്ച് കിടക്കുന്നതിനാൽ ആരും ഇവിടേക്ക് ശ്രദ്ധിക്കുന്നില്ലെന്നതാണ് കുറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി ഈ പുറമ്പോക്ക് മാറാൻ കാരണം. കാട് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതികളുമായി നിരവധി തവണ റെയിൽവേ അധികൃതരുടെ മുന്നിൽ ചെന്നിട്ടും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ പുറമ്പോക്ക് വൃത്തിയാക്കിയാൽ ആവശ്യത്തിന് പാർക്കിംഗ് സ്ഥലം ലഭിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.

 റെയിൽവേ കോമ്പൗണ്ടിൽ ഭൂരിഭാഗവും കാട് പിടിച്ച് കിടക്കുകയാണ്. അടിയന്തിരമായി കാട് വെട്ടിത്തെളിച്ച് പാർക്കിംഗ് സൗകര്യം ഒരുക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണം. സെക്യൂരിറ്റിയെ നിയമിച്ച് വാഹന മോഷണവും പെട്രോൾ ഊറ്റലും അവസാനിപ്പിക്കാനും നടപടിയുണ്ടാകണം.

അഡ്വ. ഗോപാലകൃഷ്ണൻ, (പരവൂർ നഗര വികസന സമിതി അംഗം)

 ഇരുചക്രവാഹനങ്ങളിലും കാറിലുമൊക്കെ സ്റ്രേഷനിൽ എത്തുന്നവരാണ് പ്രദേശത്ത യാത്രക്കാർ. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ റെയിൽവേ സൗകര്യം ഒരുക്കണം.

അഡ്വ. ബി. സുരേഷ് (ഡി.സി.സി മെമ്പർ)