photo
ടി.എസ് കനാലിൽ നിന്നും കക്കാ വാരി വില്പന നടത്തുന്ന ദിവാകരൻപിള്ള

കരുനാഗപ്പള്ളി: കക്ക വാരൽ വ്യവസായം പ്രതിസന്ധിയിലായതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാവുന്നു. കൊതിമുക്ക് വട്ടക്കായലിലും ടി.എസ് കനാലിലുമായി 500 ഓളം തൊഴിലാളികളാണ് കക്ക വാരലിലൂടെ ഉപജീവനം നടത്തുന്നത്. ദേശീയ ജലപാതയിൽ നിരന്തരമായി നടത്തുന്ന ഡ്രഡ്‌ജിംഗാണ് കക്ക വാരൽ തൊഴിലാളികൾക്ക് വിനയാകുന്നത്. കനാലിന്റെ അടിത്തട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനൊപ്പം കക്കയും കൂട്ടത്തോടെ നീക്കം ചെയ്യപ്പെടുകയാണ്. കന്നിമാസത്തിലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. ആറ് മാസം കൊണ്ടാണ് കക്ക പൂർണ വളർച്ച എത്തുന്നത്. ഈ സമയത്ത് കക്ക വാരിയില്ലെങ്കിൽ അവ നശിച്ച് പോകും. ഈ സമയത്ത് ഡ്രഡ്‌ജിംഗ് നടത്തുന്നത് നിറുത്തണമെന്നാണ് കക്ക വാരൽ തൊഴിലാളികളുടെ ആവശ്യം. ഒരു കിലോ കക്കയ്ക്ക് പൊതു വിപണിയൽ 50 രൂപയാണ് വില. ഒരു ലിറ്റർ കക്കയിറച്ചിക്ക് 60 രൂപ വിലവരും. ഒരു കിലോ കക്ക പുഴുങ്ങി തോട് കളഞ്ഞ് എടുക്കുമ്പോൾ 150 ഗ്രാം ഇറച്ചിയാണ് കിട്ടുന്നത്. നിരന്തരമായി നടത്തുന്ന ഡ്രഡ്‌ജിംഗ് മൂലം കൈകൊണ്ട് കക്ക വാരുന്ന തൊഴിലാളികളുടെ ജീവിതമാണ് കഷ്ടത്തിലായത്. വല ഉപയോഗിച്ച് കക്ക വാരുന്നവർക്ക് 50 കിലോ വരെ വാരാൻ കഴിയും. കൈകൊണ്ട് വാരുന്നവർ കക്ക നാട്ടിൻപുറങ്ങളിൽ തന്നെ വിൽക്കാറാണ് പതിവ്. വല ഉപയോഗിച്ച് വാരുന്നവർ കക്ക പുഴുങ്ങി ഇറച്ചിയാക്കി മാർജിൻ ഫ്രീ മാർക്കറ്റുകളിലാണ് നൽകാറ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കക്കയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് വരുകയാണ്. മുമ്പൊക്കെ രണ്ട് മണിക്കൂറിൽ 10 കിലോ കക്ക കൈ കൊണ്ട് വാരാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ ഉച്ചവരെ കക്ക വാരിയാലും അന്നത്തിനുള്ള വക കണ്ടെത്താൻ കഴിയുന്നില്ല.

ദിവാകരൻപിള്ള (കക്ക വാരൽ തൊഴിലാളി)