പടി. കല്ലട: പടി. കല്ലട ഗ്രാമ പഞ്ചായത്തിൽ ഭിന്ന ശേഷിക്കാരുടെ പ്രത്യേക പരിപാടിയായി കണത്താർ കുന്നം ഗവ. എൽ.പി സ്കൂളിൽ ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ഉത്സവ് നടത്തി. മാനസികമായും ശാരീരികമായും കഷ്ടത അനുഭവിക്കുന ഭിന്ന ശേഷിക്കാരുടെ വിവിധ തരം കലാ കായിക സാംസ്‌കാരിക കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതായിരുന്നു ഭിന്ന ശേഷിക്കാരുടെ ഉത്സവ്. പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ പതാക ഉയർത്തിയാണ് ഉത്സവിന് തുടക്കം കുറിച്ചത്. ഭിന്ന ശേഷിക്കാരുടെ കലാ കായിക മത്സരങ്ങൾ, നിയമ ബോധവത്കരണം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയവ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ വി.എസ്. വിഷ്ണു ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.അന്തർ ദേശീയ കായിക താരം ടി.ആർ. തങ്കമ്മ, ചലച്ചിത്ര സംവിധായകൻ റജി പ്രഭാകരൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുധീർ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. സജീന നന്ദിയും പറഞ്ഞു.