അഞ്ചാലുംമൂട്: ഇൻഷ്വറൻസ് കമ്പനിയുടെ എജന്റെന്ന വ്യാജേനെ വാഹന ഉടമകളിൽ നിന്ന് പണം തട്ടിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ നീരാവിൽ താന്നിവിള വീട്ടിൽ ഷിബു സി. ബാബുവാണ് പിടിയിലായത്. ഭാരതി ആക്സാ ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ ഏജന്റെന്ന വ്യാജേനെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇൻഷ്വറൻസ് കമ്പനിയിൽ അടക്കാനെന്ന വ്യാജേനെ ഒരു ഒാട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് ഇയാൾ പണം വാങ്ങുകയായിരുന്നു. എന്നാൽ ഒാട്ടോറിക്ഷ ഒരു വർഷം മുൻപ് ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും പരിക്കേറ്റ ബൈക്ക് യാത്രികൻ ഒാട്ടോറിക്ഷാ ഉടമയ്ക്കും ഡ്രൈവർക്കും ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മാനേജർക്കുമെതിരെ ട്രൈബ്യൂണലിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. കേസ് നടക്കുന്നതിനിടെയാണ് പോളിസി വ്യാജമാണെന്നും ഒാട്ടോറിക്ഷാ ഉടമ കബളിപ്പിക്കപ്പെട്ടതാണെന്നും വ്യക്തമായത്. തുടർന്ന് ഇൻഷ്വറൻസ് കമ്പനി കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബു പിടിയിലായത്.