കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കോടികൾ ചെലവിട്ട് നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കരിക്കോട് ജംഗ്ഷനിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് പുനർനിർമ്മിക്കാൻ നടപടിയില്ല. മൂന്ന് വർഷം മുമ്പാണ് ഇവിടത്തെ കൽക്കെട്ട് ഇടിഞ്ഞത്.
റോഡിലേക്ക് ഇറങ്ങിക്കിടന്ന ഇളകിയ കല്ലുകൾ എടുത്ത് മാറ്റിയത് മാത്രമാണ് അടുത്തിടെ നടന്ന പുരോഗതി. രണ്ട് കോളേജുകളുൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുമുള്ള കരിക്കോട് ജംഗ്ഷനിൽ പൊതുവേ നല്ല തിരക്കുള്ള സ്ഥലമാണ്.
ദേശീയപാതയിൽ നിന്ന് കോളേജ് ഭാഗത്തേക്കുള്ള റോഡിലേക്ക് ഇറങ്ങുന്നിടത്താണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കൊല്ലം മുതൽ എഴുകോൺ അമ്പലത്തുംകാല വരെ റോഡ് വികസനം നടക്കുകയാണ്. ഓട നിർമ്മാണവും റീ ടാറിംഗുമൊക്കെ നടക്കുന്നുണ്ട്. ഇതിനിടയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ കരിക്കോട് ജംഗ്ഷനെ ഒഴിവാക്കിയതായി പ്രദേശവാസികൾ പറയുന്നു. ദേശീയ പാതയിൽ നിന്ന് പേരൂർ റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഭാഗമാണ് അപകടക്കെണിയായി മാറിയിട്ടുള്ളത്. ഇവിടെ വാഹനങ്ങൾ തിരിയുമ്പോൾ ഇളകിയ കല്ലുകളിൽ തട്ടി മറിയുന്നത് പതിവാണ്. വൈകുന്നേരങ്ങളിൽ വലിയ തിരക്കുള്ളപ്പോൾ ദുരിതമേറും. അടിയന്തരമായി റോഡിന്റെ സംരക്ഷണഭിത്തി പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷം
വർഷങ്ങളായി നിലനിന്ന കരിക്കോട് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി. ഇവിടെ വിശാലമായ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയിട്ടുണ്ട്.
എന്നാൽ കത്തുന്ന വേനലിൽ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ പൊരിവെയിലത്ത് നിൽക്കുകയാണ് യാത്രക്കാർ. പകരം സംവിധാനമുണ്ടാക്കാതെ പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച നടപടിയിൽ പ്രതിഷേധമുയരുന്നുണ്ട്. രാത്രികാലങ്ങളിൽ നാടോടികൾ ഈ കാത്തിരിപ്പ് കേന്ദ്രത്തിലാണ് വിശ്രമിച്ചിരുന്നത്. പുതിയ കാത്തിരിപ്പ് കേന്ദ്രം വരുന്നതിന്റെ സന്തോഷമുണ്ടെങ്കിലും ഇപ്പോഴത്തെ വെയിലിൽ നിന്ന് ഇത്തിരി തണൽ വേണമെന്നാണ് പൊതു ആവശ്യം.
ട്രാഫിക് പരിഷ്കാരവും നടപ്പായില്ല
കരിക്കോട് ജംഗ്ഷനിൽ ഗതാഗത തടസങ്ങൾ മാറ്റുന്നതിന് കോർപ്പറേഷൻ തയ്യാറാക്കിയ പരിഷ്കാര നടപടികളൊന്നും ഫലവത്തായില്ല. തുടക്കത്തിൽ ബോർഡുകളും മറ്റും വച്ചുവെങ്കിലും ഇതൊന്നും ഇപ്പോൾ കാണാനില്ല. ഗതാഗത കുരുക്കും അപകടങ്ങളും ഏറിവരുന്നതിന്റെ ആശങ്കയിലാണ് ഇവിടത്തുകാർ.