photo
ആനി മസ്ക്രീൻ

കൊല്ലം: 1951ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയിലെ പരവൂർ ടി.കെ.നാരായണ പിള്ളയ്ക്കെതിരെ തിരുവനന്തപുരത്ത് അങ്കം കുറിച്ചത് ഒരു വനിത. തിരുവിതാംകൂർ ഝാൻസി റാണിയെന്ന് ഖ്യാതികേട്ട സാക്ഷാൽ ആനി മസ്ക്രീൻ. ഒരു പാർ‌ട്ടിയുടെയും പിൻബലമില്ലാതെ അങ്കത്തട്ടിലിറങ്ങിയ അവരുടെ പ്രായം നാല്പത്തിയെട്ട്.

തീ പാറുന്ന മത്സരത്തിൽ മുതിർന്ന നേതാവായ ടി.കെ.നാരായണപിള്ളയ്ക്ക് അടിപതറി. 68,117 വോട്ടിന് ടി.കെയെ പരാജയപ്പെടുത്തി ആനി മസ്ക്രീൻ മലയാള മണ്ണിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗമായി. 1,16,617 വോട്ടുകളാണ് അന്ന് ലഭിച്ചത്. ആദ്യ ലോക്‌‌സഭയിലെ പത്ത് വനിതാ അംഗങ്ങളിൽ ഒരാളായി ആനി മാറുകയും ചെയ്തു. പിന്നെയുമുണ്ട് റെക്കാഡുകൾ. കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യ വനിത, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, തെക്കേ ഇന്ത്യയിൽ നിന്ന് പാർലമെന്റംഗമായ ആദ്യ വനിത, ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച തെക്കേ ഇന്ത്യയിൽ നിന്നുള്ള വനിത.. എന്നിങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളും.

എന്നാൽ, 1957ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എസ്. ഈശ്വരയ്യർക്കായിരുന്നു അന്ന് വിജയം.

തിരുവിതാംകൂർ ദിവാന്റെ ദഫേറായിരുന്ന ഗബ്രിയേൽ മസ്ക്രീന്റെയും മറിയത്തിന്റെയും മകളായി 1901ൽ തിരുവനന്തപുരത്ത് ജനിച്ച ആനി മസ്ക്രീൻ കുട്ടിക്കാലത്തുതന്നെ നേതൃപാടവം പ്രകടിപ്പിച്ചിരുന്നു. പഠന കാലയളവിൽ മികച്ച വാഗ്മിയായി. തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് എം.എ ബിരുദം നേടിയ ശേഷം സിലോണിൽ സംഗമിത്ര കോളേജിൽ ലക്ചററായി. പിന്നീട് തിരുവനന്തപുരം ലാ കോളേജിൽ നിന്ന് ബി.എൽ ഡിഗ്രിയിൽ ഉന്നത വിജയം. അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയതിനൊപ്പമാണ് സ്റ്റേറ്റ് കോൺഗ്രസിലൂടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്.

സ്റ്റേറ്റ് കോൺഗ്രസിന്റെ സെക്രട്ടറിയായും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളി അംഗവുമായി പ്രവർത്തിച്ചു. പട്ടം താണുപിള്ള അദ്ധ്യക്ഷനായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചപ്പോൾ വർക്കിംഗ് കമ്മിറ്റി അംഗമായി.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കെടുത്തതിന് ആറുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1948ൽ പ്രായപൂർത്തി വോട്ടവകാശത്തോടെ നടന്ന തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ ലജിസ്ളേറ്റീവ് അസംബ്ളിയിൽ എതിരില്ലാതെ വിജയിച്ചു. പരവൂർ ടി.കെ.നാരായണപിള്ള മന്ത്രിസഭ രൂപീകരിച്ചപ്പോൾ വൈദ്യുതി-ആരോഗ്യ വകുപ്പ് മന്ത്രിയായി. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് വിജയക്കൊടി പാറിച്ചത്. അവിവാഹിതയായ ആനി മസ്ക്രീൻ 1963 ജൂലായ് 19ന് അന്തരിച്ചു.