kallada
സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ച കല്ലടയാറ്റിലെ ഉറുകുന്ന കുമ്പഴഞ്ഞിക്കടവ്.

പുനലൂർ: അവധിക്കാലമായതോടെ വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ കല്ലടയാറ്റിലും കനാലുകളിലും കുളിക്കാനെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് അപകടക്കെണി. വേനൽക്കാല ജലവിതരണത്തിനായി കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടത് - വലത് കര കനാലുകളിലും കല്ലടയാറ്റിലും ജലനിരപ്പ് വർദ്ധിപ്പിച്ചതോടെ ശക്തമായ അടിയൊഴുക്കാണ് ഇവിടെയുള്ളത്. ബുധനാഴ്ച കല്ലടയാറ്റിലെ ഉറുകുന്ന് കുമ്പഴഞ്ഞിക്കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പുനലൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഉറുകുന്ന് അത്തിക്കാത്തറ വീട്ടിൽ ഷോൺ ഷാജൻ (16) മുങ്ങിമരിച്ചിരുന്നു.

കല്ലടയാറ്റിന്റെ മറുകരയിൽ എത്തിയ ശേഷം തിരികെ നീന്തിയ ഷോണിന്റെ കൈകൾ ആറിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോൾ കുഴഞ്ഞു. തുടർന്ന് അടി ഒഴുക്കുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. രണ്ടുമാസം മുമ്പ് സമീപത്തെ ആറ്റിൽ മത്സ്യം പിടിക്കാൻ എത്തിയ ആയിരനെല്ലൂർ സ്വദേശിയായ യുവാവും മുങ്ങിമരിച്ചിരുന്നു.

പ്രളയകാലത്ത് ആഴം വർദ്ധിച്ചതോടെ കല്ലടയാറിന്റെ വിവിധ മേഖലകളിൽ അപകടം പതിയിരിക്കുകയാണ്. കല്ലടയാറ്റിലെ ഉറുകുന്ന് കുമ്പഴഞ്ഞിക്കടവിൽ അടിയൊഴുക്ക് വർദ്ധിച്ചതാണ് ഇവിടെ കുളിക്കാൻ ഇറങ്ങുന്നവരെ അപകടത്തിൽപ്പെടുത്തുന്നത്. കുത്തൊഴുക്കുള്ള കനാലുകളും കല്ലടയാറും അപകടക്കെണിയാണെന്ന് അറിയാതെയാണ് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇവിടെ കുളിക്കാൻ ഇറങ്ങുന്നത്.

 കനാൽ റോഡിൽ കൈവരി സ്ഥാപിക്കണം

നിറഞ്ഞൊഴുകുന്ന ഇടത്-വലത് കര കനാലുകൾ സമീപവാസികൾക്കും ഭീഷണിയായിരിക്കുകയാണ്. കനാലിന് സമീപത്തെ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ കാലൊന്ന് വഴുതിയാൽ വെള്ളത്തിൽ വീഴുന്ന അവസ്ഥയാണ്. രാത്രികാലങ്ങളിലുൾപ്പെടെ നിരവധി കാൽനടയാത്രികരാണ് കനാൽറോഡിനെ ആശ്രയിക്കുന്നത്. കനാലുകളുടെ രണ്ട് കരകളിലും കൈവരികൾ സ്ഥാപിച്ച് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.