photo
റെയിൽപ്പാതയുടെ അടിയിൽ നിന്നും മണ്ണെടുത്ത നിലയിൽ

കരുനാഗപ്പള്ളി: ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്കുള്ള റെയിൽപ്പാതയിലെ മണ്ണ് വ്യാപകമായി കടത്തുന്നു. മൂന്നര പതിറ്റാണ്ടിന് മുമ്പാണ് കമ്പനി വട്ടക്കായലിൽ നിന്നും പള്ളിക്കലാറിൽ നിന്നും ഡ്രജ്ജ് ചെയ്ത മണലും കായൽ മണ്ണും ഉപയോഗിച്ച് പാത നിർമ്മിച്ചത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ മുതൽ ഫാക്ടറി കോമ്പൗണ്ട് വരെ 6 കിലോമീറ്ററാണ് ദൈർഘ്യം. ആദ്യ സമയത്ത് മണൽ കടത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ നാട്ടുകാർ മണൽ കടത്ത് ശ്രദ്ധിച്ച് തുടങ്ങിയതോടെ മണ്ണെടുപ്പ് വല്ലപ്പോഴും മാത്രമായി. ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് ഇവിടെ നിന്നും കടത്തിയത്. കായൽ തീരങ്ങളിൽ താമസക്കാരില്ലാത്തതിനാൽ വള്ളങ്ങളിൽ മണൽ കയറ്റിക്കൊണ്ട് പോകാൻ എളുപ്പമായിരുന്നു. സംഭവം വാർത്തയായതോടെയാണ് കമ്പനി പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് കമ്പനി സെക്യൂരിറ്റി ജീവനക്കാരെ ഇവിടങ്ങളിൽ നിയോഗിച്ചു. ഇതോടെ മണ്ണെടുപ്പിന് ഒരു പരിധിവരെ ശമനമായി. എന്നാൽ ഇപ്പോഴും സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇടയ്ക്കിടെ മണൽ കടത്ത് നടക്കുന്നുണ്ട്. കലർപ്പില്ലാത്ത മണ്ണായതിനാൽ ചോദിക്കുന്ന വില നൽകിയാണ് ആളുകൾ മണ്ണ് വാങ്ങന്നത്. പൊന്മനയിലെ പല ഭാഗങ്ങളിൽ നിന്നും മണ്ണ് പൂർണമായും കടത്തിയിട്ടുണ്ട്.

ട്രെയിൽ ഓടിയത് 4 വർഷം മാത്രം

ഫാക്ടറിയുടെ തുടക്കം മുതൽ 4 വർഷം വരെ മാത്രമാണ് റെയിൽപ്പാതയിലൂടെ ട്രെയിൽ ഓടിയത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുഡ്സ് വണ്ടിയിലാണ് കൽക്കരി കൊണ്ട് വന്നിരുന്നത്. തുടർന്ന് കൽക്കരിക്ക് പകരം ദ്രവ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങി. കൊച്ചിയിൽ നിന്നും ദ്രവ ഇന്ധനം ടാങ്കർ ലോറികൾ വഴിയാണ് കമ്പനിയിൽ എത്തിക്കുന്നത്. ഇതോടെയാണ് റെയിൽപ്പാത ഉപയോഗശൂന്യമായത്. ശ്രദ്ധിക്കാൻ ആളില്ലാതായതോടെ സ്ഥലം കൈയേറ്റത്തിന് വിധേയമാവുകയായിരുന്നു. പൊന്നിന്റെ വിലയുള്ള മണ്ണ് മണൽ മാഫിയയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് രാത്രിയിൽ അനധികൃത മണൽ കടത്തൽ ആരംഭിച്ചത്.