കൊല്ലം: ബി.ജെ.പിക്കെതിരായ നീക്കങ്ങളെ കോൺഗ്രസ് ദുർബലപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് മീറ്റ് ദി പ്രസിൽ പറഞ്ഞു.
സി.പി.എമ്മിനെതിരെ രാഹുൽ ഗാന്ധിക്ക് പറയാൻ ഒന്നുമില്ലെങ്കിലും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തോട് പറയാനുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ സഹായകരമായ നിലപാടല്ല രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസ് സ്വീകരിക്കുന്നത്.
അതിനുള്ള ഒന്നാമത്തെ ഉദാഹരണം: ഡൽഹിയിൽ ഏഴ് മണ്ഡലങ്ങളാണുള്ളത്. അവിടെ കോൺഗ്രസ് ദുർബലമാണ്. സ്വാധീനമുള്ളത് എ.എ.പിക്കാണ്. രണ്ടുപേരും കൂടി ചേർന്നാൽ അവിടെ ബി.ജെ.പി വിജയിക്കില്ല. എ.എ.പി മൂന്ന് സീറ്റ് വരെ വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് സ്വീകരിച്ചില്ല.
രണ്ടാമത്തെ ഉദാഹരണം: ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ കോൺഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചത്. അവിടത്തെ പ്രധാന കക്ഷികളായ എസ്.പിയും ബി.എസ്.പിയും ഇത്തവണ ഒന്നിച്ചു. കോൺഗ്രസ് കൂടി ചേർന്നാൽ നന്നാകുമെന്ന് അവർക്ക് തോന്നി. പക്ഷെ, കോൺഗ്രസ് അതിനോടും സഹകരിച്ചില്ല. ബി.ജെ.പിക്കെതിരായ പ്രഖ്യാപിത നിലപാടിൽ നിന്നും കോൺഗ്രസ് വഴിമാറുകയാണ്.
കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പിക്ക് ഇവിടെ ഒരു ശക്തിയുമില്ല. വയനാട്ടിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥി പോലുമില്ല. ഇടതുപക്ഷത്തോട് മത്സരിക്കാനാണ് രാഹുൽ ഗാന്ധി വന്നിരിക്കുന്നത്. ബി.ജെ.പിക്കെതിരായ ബദൽ നയങ്ങളുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. അതിൽ ആരൊക്കെ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമറിയാമെന്നും പിണറായി പറഞ്ഞു.