knb
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് കിളികൊല്ലൂർ മേഖലയിലെ കശുഅണ്ടി തൊഴിലാളികൾ നൽകിയ സ്വീകരണം

കൊല്ലം: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് കിളികൊല്ലൂരിലെ കശുഅണ്ടി തൊഴിലാളികളുടെ ആവേശോജ്വല വരവേൽപ്പ്. തലയിൽ കൈവെച്ച് അനുഗ്രഹിച്ചും ആശ്ലേഷിച്ചും മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങൾ അർപ്പിച്ചും അവർ സ്ഥാനാർത്ഥിയോടുള്ള സ്നേഹവും പിന്തുണയും അറിയിച്ചു. പൂക്കളും പൂമാലകളും നൽകിയാണ് തൊഴിലാളികൾ പ്രിയ നേതാവിനെ വരവേറ്റത്. രാവിലെ കശുഅണ്ടി വികസന കോർപ്പറേഷന്റെ കോതേത്ത് ഫാക്ടറിയിൽ നിന്നാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. തുടർന്ന് പ്രശാന്തി കാഷ്യു ഫാക്ടറി, കാഷ്യു കോർപ്പറേഷന്റെ പാൽക്കുളങ്ങര, അയത്തിൽ, കാഞ്ഞങ്ങാട്, ഇരവിപുരം ഫാക്ടറികൾ, കാപ്പെക്സിന്റെ കിളികൊല്ലൂർ, ഇരവിപുരം ഫാക്ടറികൾ, അഴകേശ കാഷ്യു, റഫീഖ് കാഷ്യു, മാടൻനട അമ്പാടി കാഷ്യു എന്നിവിടങ്ങളിൽ ബാലഗോപാൽ പര്യടനം നടത്തി. പള്ളിമുക്ക് മീറ്റർ കമ്പനിയിലെത്തി അവിടുത്തെ തൊഴിലാളികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. ഉച്ചയ്‌ക്ക് ശേഷം പട്ടത്താനം, പോളയത്തോട്, വടക്കേവിള, ഇരവിപുരം തീരദേശം, കോയിക്കൽ മേഖലകളിൽ ജനങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് പൊതുസ്വീകരണം നൽകി. രാത്രിയോടെ കിളികൊല്ലൂർ പുത്തൻപുര ജംഗ്‌ഷനിലാണ് സ്വീകരണ പര്യടനം അവസാനിച്ചത്.