pinarayi-vijayan

കൊല്ലം: പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രസിദ്ധീകരിച്ചത് ജനങ്ങൾക്കിടയിൽ സർക്കാരിനെതിരായ തെറ്റിദ്ധാരണ പരത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയ കാരണം ഡാം മാനേജ്മെന്റിലെ വീഴ്‌ചയാണെന്ന കണ്ടെത്തൽ വസ്‌തുതാ വിരുദ്ധമാണെന്നും കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദി പ്രസിൽ അദ്ദേഹം പഞ്ഞു. റിപ്പോർട്ട് ഹൈക്കോടതിയുടെ നിരീക്ഷണമോ പരാമർശമോ നിഗമനമോ അല്ല. അത് കൊള്ളാനോ തള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്. ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വിവരമാരാഞ്ഞല്ല റിപ്പോർട്ട് തയ്യാറാക്കിയത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മിഷനും ചെന്നൈ ഐ.ഐ.ടിയും അമിത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയം നിയന്ത്രിക്കാൻ

ഡാമുകളെ ഉപയോഗിച്ചില്ല
പ്രളയം നിയന്ത്രിക്കാൻ ഡാമുകൾ ഉപയോഗിച്ചില്ലെന്ന വാദം വസ്‌തുതാ വിരുദ്ധമാണ്. പ്രളയത്തിൽ വെള്ളത്തിന്റെ വലിയ പങ്ക് സംഭരിച്ചു. ശേഷിച്ചതാണ് തുറന്നുവിട്ടത്. ഇടുക്കി ഡാമിൽ 2800 മുതൽ 3000 വരെ ഘനമീറ്റർ വെള്ളം വന്നിരുന്നു. ഈ സമയത്ത് പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റർ വെള്ളം മാത്രമാണ്. മറ്റിടങ്ങളിലെ കണക്കും സമാനമാണ്. അധിക ജലം ഡാമുകൾ തടഞ്ഞുനിറുത്തിയില്ലായിരുന്നുവെങ്കിൽ കെടുതി ഇതിലും ശക്തമാകുമായിരുന്നു. അച്ചൻകോവിൽ, മീനച്ചിലാർ, ചാലിയാർ തുടങ്ങിയ പുഴകളിൽ ഡാമില്ല.

ഡാമുകൾ തുറന്നത് ഒരുമിച്ചല്ല

പെരുമഴയ്‌ക്ക് മുമ്പ് ഡാമുകൾ തുറന്നില്ലെന്ന വാദവും മഴ ശക്തിപ്രാപിച്ചപ്പോൾ ഒരുമിച്ച് തുറന്നുവെന്ന വാദവും അടിസ്ഥാനരഹിതമാണ്. ജലസേചനവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള 82 അണക്കെട്ടുകളും ബാരേജുകളും ആഗസ്റ്റ് 9ന് മുമ്പ് തന്നെ തുറന്നിട്ടുണ്ട്. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയേ കേരളത്തിലെ നദികൾക്കുള്ളൂ. എന്നാൽ 14000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ആഗസ്റ്റ് 14ന് ശേഷമുള്ള മഴയിലൂടെ ഒഴുകിയെത്തിയത്. ആഗസ്റ്റ് 13 മുതൽ 19 വരെ മഴയിൽ 362% വർദ്ധനയുണ്ടായി. ഇടുക്കിയിൽ മാത്രം 568% അധികമായിരുന്നു. ഡാമുകൾ തുറക്കുന്നതിന് മുമ്പ് ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകളും നൽകിയിരുന്നു.

വൈദ്യുതി ബോർഡ്

മുൻകരുതലെടുത്തു

കേരളത്തിലെ പ്രധാന അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ സംബന്ധിച്ച് ജൂലായ് 29ന് വൈദ്യുതി ബോർഡ് യോഗം ചേർന്ന് വിശദമായ പ്രവർത്തനരേഖ പുറപ്പെടുവിച്ചിരുന്നു. ജലകമ്മിഷന്റെ മാർഗരേഖയിൽ പരാമർശിക്കുന്ന അഞ്ച് ഘട്ട നടപടികളും അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.

കാലാവസ്ഥാ പ്രവചനം പിഴച്ചു

കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് സംസ്ഥാനം ആശ്രയിക്കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെയാണ്. മുന്നറിയിപ്പുകൾ ശരിയാണോ അല്ലയോ എന്ന് ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാനത്തിനില്ല. ആ മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്യാനാവുക. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ വലിയ വ്യതിയാനം സംഭവിച്ചുവെന്നത് സത്യമാണ്. എന്നാൽ അതിന്റെ പഴി സംസ്ഥാനത്തിനുമേൽ ചാർത്താനുള്ള ശ്രമം യുക്തിരഹിതമാണെന്നും പിണറായി പറഞ്ഞു.