photo
കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച വനിതാരവം പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ രാഹുൽഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി യു.ഡി.എഫ് മഹിളാ സംഘടനകൾ കരുനാഗപ്പള്ളി കോൺഗ്രസ് ഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച വനിതാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. കോൺഗ്രസ് വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത നരേന്ദ്ര മോദിയുടെ 5 വർഷത്തെ ഭരണത്തിൽ പൂർണമായും തകർന്നു. നോട്ട് പിൻവലിക്കലിലൂടെ അതു പൂർണമായി. വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ത്യയിലെ ജനങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു. ഇതിനെതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. യോഗത്തിൽ സെവന്തികുമാരി അദ്ധ്യക്ഷത വഹിച്ചു. വനിത നേതാക്കളായ എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, അനുരാധ സരസൻ, മീനാകുമാരി, ജൂബിക കെ. കമാൽ, രമാഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ശേഷം വനിതകൾ കരുനാഗപ്പള്ളി ടൗണിൽ പ്രകടനം നടത്തി.