kollam-starvng-woman
മകൻ പട്ടിണിക്കിട്ട വൃദ്ധ മാതാവിനെ വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ സന്ദർശിക്കുന്നു.

കൊല്ലം: പള്ളിമേൽ കിഴക്കേക്കരയിൽ വൃദ്ധ മാതാവിന് ഭക്ഷണവും മരുന്നുമില്ലാതെ തനിച്ചാക്കി പട്ടിണിക്കിട്ട മകന് കർശന താക്കീത് നൽകി വനിതാ കമ്മിഷൻ. മതിയായ സംരക്ഷണവും മ​റ്റു കാര്യങ്ങളും കൃത്യമായി നിർവഹിച്ച് അക്കാര്യം കമ്മിഷനെ അറിയിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച സംഭവിച്ചാൽ മകനും മരുമകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ അറിയിച്ചു.

മകനും മരുമകളും നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വൃദ്ധയുടെ സംരക്ഷണം ഉറപ്പാക്കി സർക്കാർ സ്ഥാപനത്തിലേക്ക് മാ​റ്റാൻ കമ്മിഷൻ ഇടപെടുമെന്നും അറിയിച്ചു.

വൃദ്ധയെ തനിച്ചാക്കി പട്ടിണിക്കിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ കൊല്ലത്തെ വീട്ടിൽ അന്വേഷണത്തിനെത്തിയത്. ഈ സമയം വീട്ടിൽ മരുമകൾ ഉണ്ടായിരുന്നു. മകനുമായി ഫോണിൽ സംസാരിച്ചു. വൃദ്ധക്ക് നാലു മക്കളും ഭർത്താവുമാണുണ്ടായിരുന്നത്. ഭർത്താവും മ​റ്റ് മൂന്ന് മക്കളും മരിച്ചതിനാൽ ആശ്രയിക്കാൻ കൊല്ലത്തെ ഏകമകൻ മാത്രമേയുള്ളൂ. എന്നാൽ ഇവർ വൃദ്ധമാതാവിനെ ഒരു മുറിയിൽ തനിച്ചാക്കി ഭക്ഷണവും വെളളവും നൽകാതെ പീഡിപ്പിക്കുകയാണെന്ന് നാട്ടുകാർ കമ്മിഷന് പരാതി നൽകുകയായിരുന്നു.