photo

കരുനാഗപ്പള്ളി: രാഹുൽഗാന്ധിയെ ദേശീയത പഠിപ്പിക്കാൻ ബി.ജെ.പി നേതാക്കൾക്ക് അവകാശമില്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി. രവി പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് മെമ്പർമാരുടേയും സഹകരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് മെമ്പർമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയത കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തെ ജനങ്ങളെ വർഗ്ഗീയമായി കാണുന്ന ബി.ജെ.പിക്ക് ദേശീയതയെക്കുറിച്ച് പറയാൻ അവകാശമില്ല.

ബി.ജെ.പിയുടെ 5 വർഷത്തെ ഭരണം ഇന്ത്യൻ ജനാധിപത്യത്തേയും മതേതരത്വത്തേയും തകർത്തെന്നും കെ.ജി.രവി പറഞ്ഞു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ചിറ്റുമൂല നാസർ, ടി. തങ്കച്ചൻ, എൻ. അജയകുമാർ, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ തുടങ്ങിയവർ പ്രസംഗിച്ചു.