കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ നിവാസികൾക്ക് ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ ചിതിത്സ കിട്ടാൻ വൈകുന്നു. മതിയായ ആശുപത്രിസൗകര്യം പോലും ഇല്ലാത്ത പ്രദേശത്ത് ആംബുലൻസിൻെറ സേവനവും കൂടി ലഭിക്കാത്തതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അജ്ഞാതവാഹനം ഇടിച്ച് കാലുകൾ ഒടിഞ്ഞ് തൂങ്ങി റോഡിൽ കിടന്ന വഴിയാത്രക്കാരനെയും പാതയോരത്ത് അബോധാവസ്ഥയിൽ കിടന്ന വൃദ്ധനെയും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടാതെ വന്നതിനാൽ പൊലീസും നാട്ടുകാരും വലിയ രീതിയിൽ ബുദ്ധിമുട്ടിയിരുന്നു. രാത്രിയിൽ പ്രായമായവർക്കോ കുട്ടികൾക്കോ എന്തെങ്കിലും രോഗം പിടിപെട്ടാൽ പ്രാഥമിക ചികിത്സ ലഭ്യമാക്കണമെങ്കിൽ പോലും കിലോമീറ്ററുകൾ സഞ്ചരിക്കണം. പൂനലൂർ, കടയ്ക്കൽ താലൂക്ക് ആശുപത്രികളെയും അഞ്ചലിലെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടി വരുന്ന നാട്ടുകാർക്കാണ് മാസങ്ങളായി ആംബുലൻസ് സേവനം ലഭിക്കാത്തത്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്നതിന് അവശ്യമായ മോർച്ചറിയോ മറ്റ് സംവിധാനങ്ങളോ പ്രദേശത്തില്ല. അതിനാൽ തന്നെ ഒരു മൊബൈൽ മോർച്ചറി സംവിധാനത്തോട് കൂടിയ ആംബുലൻസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ആധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈൽ മോർച്ചറിയുടെ സേവനം ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കി സർക്കാരിന്റെ അനുമതിക്കായ് സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടായാൽ ആംബുലൻസ് സേവനം ഒരുക്കി പ്രദേശവാസികളുടെ ദുരിതത്തിന് അറുതി വരുത്തും.
പ്രസിഡന്റ്, കെ.ജെ. അലോഷ്യസ്, കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക്
ആംബുലൻസ് കട്ടപ്പുറത്ത്
മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഇപ്പോൾ ഉപയോഗ ശൂന്യമായ് ഉപേക്ഷിച്ച നിലയിലാണ്. കുളത്തൂപ്പുഴ പഞ്ചായത്തിനായിരുന്നു ആംബുലൻസിൻെറ നടത്തിപ്പ് ചുമതല. എന്നാൽ ഡ്രൈവറെ കിട്ടാത്തതും നടത്തിപ്പിന് ആവശ്യമായ തുക വകയിരുത്താനാവാത്തതുമാണ് ആംബുലൻസ് കട്ടപുറത്താവാൻ കാരണം.