kanam1
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പാർലമെന്റിൽ ഇടതുപക്ഷം കരുത്താർജ്ജിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുനലൂരിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. കേന്ദ്ര സർക്കാർ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയാണ്. ബി.ജെ.പി. സർക്കാർ അധികാരത്തിലേറിയ ശേഷം 600 ഓളം വർഗ്ഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വർഗ്ഗീയത വളർത്താൻ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്നതാണ് കേരളത്തിലെ സർക്കാരിന്റെ നിലപാട്.

സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയെങ്കിലും അത് നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. എന്നാൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കി സംസ്ഥാനം രാജ്യത്തിനാകെ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം അജിതാ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഇടതുമുന്നണി നേതാക്കളായ വരദരാജൻ, എസ്. ജയമോഹൻ, പി.എസ്. സുപാൽ, ആർ. ലതാദേവി, ജോർജ്ജ് മാത്യു, എസ്. ബിജു, സി. അജയപ്രസാദ്, മോഹൻദാസ്, എം.എ. രാജഗോപാൽ, കെ. രാധാകൃഷ്ണൻ, ലിജു ജമാൽ, ഡി. വിശ്വസേനൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഷീജ, ബി. സരോജദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ലൈജലജ, ലൈലാബീവി, സുഷ ഷിബു, വി. രാജൻ തുടങ്ങിയവർ സംസാരിച്ചു.