punja
കതിരണിഞ്ഞു കിടക്കുന്ന മാലു മേൽപുഞ്ച

തൊടിയൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം മാലുമേൽ പുഞ്ചയിൽ വീണ്ടും കൊയ്ത്തുപാട്ടിന്റെ ഈരടി. പുഞ്ചയിലെ വിളവെടുപ്പുത്സവം 8ന് ആരംഭിക്കും. തൊടിയൂരിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്യൻ പാടത്തോടു ചേർന്നു കിടക്കുന്ന മാലുമേൽ പുഞ്ചയുടെ വിസ്തീർണം136 ഏക്കറാണ് മാലുമേൽ ദേവീക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച് കിഴക്കും വടക്കും ഭാഗങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന പുഞ്ചയ്ക്ക് ശക്തമായ ബണ്ടിന്റെ സംരക്ഷണവുമുണ്ട്.

ഇഷ്ടിക വ്യവസായ കേന്ദ്രമായിരുന്ന മാലുമേൽ പ്രദേശത്തെ ചൂളകളിലേക്ക് പുഞ്ച അനിയന്ത്രിതമായി ചെളി എടുത്ത് തുടങ്ങിയതോടെയാണ് കൃഷിയോഗ്യമല്ലാതായത്.

പിന്നീട് പാടശേഖര സമിതി ഇതര ഏജൻസികളുടെ സഹായത്തോടെ പലപ്പോഴും കൃഷി ഇറക്കിയെങ്കിലും ഫലവത്തായില്ല. പള്ളിക്കലാറുമായി ചേർന്നു കിടക്കുന്ന പുഞ്ചയുടെ ബണ്ട് സമീപകാലത്ത് പൊട്ടിയിരുന്നു.ഇതോടെ ആറ്റിൽ നിന്നുള്ള എക്കൽ പുഞ്ചയിലേക്ക് ഒഴുകിയെത്തി. ഇതോടെയാണ് ഇവിടം വീണ്ടും കൃഷിയോഗ്യമായത്. കുട്ടനാട്ടിൽ നിന്ന് കൊണ്ടുവരുന്ന യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്തും മെതിയും നടത്തുന്നത്. വരും വർഷങ്ങളിലും പുഞ്ചകൃഷി തുടരുമെന്ന് പാടശേഖര സമിതി അംഗം കെ.ആർ. നസജീവ് പറഞ്ഞു. മാലുമേൽ ദേവീക്ഷേത്രത്തിലെ മേട വിഷുമഹോത്സവത്തോടൊപ്പമാണ് ക്ഷേത്ര തിരുമുറ്റത്തെ വിളവെടുപ്പുത്സവം എന്നതും സവിശേഷതയാണ്.

കൃഷിയിറക്കിയത് 100 ഏക്കറിൽ

സർക്കാരിന്റെ പ്രത്യേക തരിശുനില പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് വീണ്ടും കൃഷി ആരംഭിച്ചത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 100 ഏക്കറിലായി കുട്ടനാടൻ കർഷകൻ എൻ.എൻ. മാത്യുവാണ് കരാർ വ്യവസ്ഥയിൽ കൃഷി നടത്തുന്നത്. അത്യുല്പാപാദനശേഷിയുള്ള ഉമ വിത്താണ് വിതച്ചത്. നൂറുമേനി വിളഞ്ഞ കൃഷിയിൽ നിന്ന് 300 ടൺ നെല്ല് ലഭിക്കുമെന്ന് കൃഷി ഓഫീസർ കെ.ഐ.നൗഷാദ് പറഞ്ഞു.

സഹായ ഹസ്തവുമായി

ആർ.രാമചന്ദ്രൻ എം.എൽ.എ ഇടപെട്ട് കൃഷിവകുപ്പിന്റെയും ഓണാട്ടുകര വികസന ഏജൻസിയുടെയും സഹായവും ഉറപ്പാക്കി. സർക്കാർ പദ്ധതി പ്രകാരം ഹെക്ടറിന് 25,000 രൂപ കൃഷി ചെയ്യുന്നതിനും 5000 രൂപ കർഷകർക്കും സഹായധനം അനുവദിച്ചു. വിത്തു നൽകി തൊടിയൂർ പഞ്ചായത്തും വളവും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകി കൃഷി ഭവനും സഹായിച്ചു.
ആർ. രവീന്ദ്രൻ പിള്ള പ്രസിഡന്റും ഇബ്രാഹിം കുട്ടി സെക്രട്ടറിയുമായുള്ള പാടശേഖര സമിതിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.