കൊല്ലം: തിരഞ്ഞെടുപ്പ് ചൂട് എത്ര കൂടിയാലും പുലർച്ചെ 4 മണിക്കൊന്നും ഒരു സ്ഥാനാർത്ഥിയും പ്രചാരണം തുടങ്ങില്ല. എന്നാൽ, കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ ആ പതിവ് തെറ്റിച്ചു. കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിശേഷിപ്പിച്ച കടലിന്റെ മക്കളെ കാണാൻ പുലർച്ചെ 4ന് ശക്തികുളങ്ങര ഹാർബറിൽ അദ്ദേഹമെത്തി.
അതിരാവിലെ തങ്ങൾക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സ്ഥാനാർത്ഥിയെക്കണ്ടപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കൗതുകം. അവർ ബാലഗോപാലിനോട് തങ്ങളുടെ പ്രശ്‌നങ്ങൾ നിരത്തി, ആവശ്യങ്ങൾ ഉന്നയിച്ചു.
തങ്ങളനുഭവിക്കുന്ന പ്രധാന പ്രശ്‌നം വെളിച്ചമില്ലായ്മയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇരുളകറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയുണ്ടാവുമെന്ന് സ്ഥാനാർത്ഥിയുടെ ഉറപ്പ്. മാർക്കറ്റ് പുനരുദ്ധരിക്കുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അതിന്റെ നടപടി ആരംഭിക്കുമെന്നും ബാലഗോപാൽ അറിയിച്ചു. മൂന്നര മണിക്കൂറോളം ബാലഗോപാൽ ഹാർബറിൽ ചെലവഴിച്ചു.