കുണ്ടറ: ആരോടും നെറികേട് കാണിച്ചിട്ടില്ലെന്നും കൊല്ലത്തെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കുണ്ടറയിലെ സ്വീകരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപാർട്ടികൾ മുന്നണി മാറുന്നത് പുതിയ കാര്യമല്ല. യു.ഡി.എഫിൽ നിന്ന് എൽ.ഡി. എഫിലേക്കും തിരിച്ചും പോകാറുണ്ട്. എന്നാൽ എന്നെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതിന്റെ നിജസ്ഥിതിയെക്കുറിച്ച് ജനം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര, പെരിനാട്, കേരളപുരം, പേരയം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. കുണ്ടറ നിയോജകമണ്ഡലത്തിലെ 75 സ്വീകരണകേന്ദ്രങ്ങളിലാണ് പ്രേമചന്ദ്രൻ പര്യടനം നടത്തിയത്. രാവിലെ 8 മണിക്ക് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം പ്രൊഫ. ഇ. മേരിദാസൻ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. മഹേശ്വരൻപിള്ള, കെ. മധു, ബാബുരാജൻ, ടി.സി. വിജയൻ, പി.ജി. പ്രസന്നകുമാർ, ധർമ്മരാജൻ, ഷെരീഫ് ചന്ദനത്തോപ്പ്, കെ.ആർ.വി. സഹജൻ, ഓമനക്കുട്ടൻപിള്ള, ജി. വേണുഗോപാൽ, ശ്രീധരൻപിള്ള, കേരളപുരം ലത്തീഫ്, രഘു പാണ്ടുപുരം എന്നിവർ സംസാരിച്ചു.
കുണ്ടറ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണപരിപാടി ആശുപത്രിമുക്ക്, പുലിപ്പാറ, മുളവന, പൈനുംമൂട്, പെരുമ്പുഴ ജംഗ്ഷൻ, വിളയിൽക്കട, നെട്ടയിൽ, നാലുമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി പേരയത്ത് സമാപിച്ചു. ബാബുരാജൻ, അബ്ദുൽ ഗഫൂർ, ബിജു വർഗീസ്, കുണ്ടറ അലക്സ്, എ.വൈ. ലാലൻ, കുഞ്ഞുമോൻ, ആന്റണി ജോസ്, ടി.സി. അനിൽകുമാർ, സി.ഡി. മണിയൻപിള്ള, ഡി. സേതുരാജ്, ഇളവൂർ മുരളി, ജയശീലൻ, കേരളപുരം ഹസൻ, നിസാമുദ്ദീൻ, ബാലൻ, കുരീപ്പുഴ മോഹനൻ, കായിക്കര നവാബ്, സേവ്യർ, രാജു പണിക്കർ, ജി.എൻ. മോഹനൻ തുടങ്ങിയവർ പര്യടനപരിപാടിക്ക് നേതൃത്വം നൽകി.
ഇന്ന് ഇരവിപുരത്ത്
എൻ.കെ. പ്രേമചന്ദ്രന്റെ സ്വീകരണപരിപാടി ഇന്ന് ഇരവിപുരം നിയോജക മണ്ഡലത്തിൽ നടക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ. ബേബിസൺ, സെക്രട്ടറി അഹമ്മദ് ഉബൈൽ, കൺവീനർ സജി ഡി. ആനന്ദ് എന്നിവർ അറിയിച്ചു. മയ്യനാട്, കൊട്ടിയം വെസ്റ്റ്, ഇരവിപുരം, കൊല്ലൂർവിള മണ്ഡലങ്ങളിലാണ് ഇന്നത്തെ സ്വീകരണപരിപാടി.