കൊല്ലം: പുത്തൂരിലെ അക്ഷര മുത്തശ്ശിയായ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിന്റെ തലപ്പൊക്കത്തിൽ ! ഹൈസ്കൂൾ വിഭാഗത്തിനായുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
അടുത്ത അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്യാനാകും. പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.75 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമ്മിച്ചത്.
ക്ളാസ് മുറികളിൽ ടൈൽസ് പാകുക, പെയിന്റിംഗ്, മറ്റ് സൗന്ദര്യവത്കരണം, ഫർണിച്ചറുകൾ സജ്ജീകരിക്കൽ എന്നിവ മാത്രമാണ് അവശേഷിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച മൂന്ന് കോടി രൂപയുടെ കെട്ടിടവും ഉടൻ നിർമ്മാണം തുടങ്ങും. ഇതിന്റെ മാസ്റ്റർ പ്ളാനിന് അംഗീകാരമായിട്ടുണ്ട്. കിട്കോയ്ക്കാണ് നിർമ്മാണ ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്നതോടെ ടെണ്ടർ നടപടികളിലേക്ക് തിരിയും.
ഈ കെട്ടിടം കൂടി എത്തുന്നതോടെ സ്കൂളിന്റെ സ്ഥലപരിമിതിക്ക് പരിഹാരമാകും. 120 വർഷം പഴക്കമുള്ള പുത്തൂരിലെ ഈ മുത്തശ്ശി വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിലാണ്. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ ഉൾപ്പടെയുള്ള പ്രമുഖർക്ക് അക്ഷര വെളിച്ചം പകർന്നുകൊടുത്തതിന്റെ പാരമ്പര്യവും അവകാശപ്പെടുന്ന സ്കൂൾ ഒന്നര പതിറ്റാണ്ട് മുൻപ് തീർത്തും ശോച്യാവസ്ഥയിലായിരുന്നു. സമീപത്തെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഉൾപ്പടെ പ്ളസ് ടു കോഴ്സ് അനുവദിച്ചിട്ടും സ്കൂളിനെ മാത്രം തഴയുകയായിരുന്നു. ഹൈക്കോടതിയിൽ കേസ് നടത്തിയാണ് ഇവിടേക്ക് പ്ളസ് ടു കോഴ്സ് അനുവദിപ്പിച്ചത്.
നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ചേർന്ന് സമരമില്ലാത്ത സ്കൂളെന്ന തീരുമാനവുമെടുത്തതോടെ സ്കൂളിന്റെ മുഖശ്രീ തെളിഞ്ഞു. ആർ. ശങ്കറിന്റെ ജന്മശതാബ്ദി വർഷത്തിൽ എ.കെ.ആന്റണിയുടെ എം.പി ഫണ്ടിൽ നിന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് നിർമ്മിച്ച കെട്ടിടത്തിലാണ് ഹയർ സെക്കൻഡറി ബ്ളോക്ക് പ്രവർത്തിക്കുന്നത്. എന്നാൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പഴയ ഓടിട്ട കെട്ടിടങ്ങൾ തന്നെയായി ശരണം. ഇപ്പോൾ മൂന്ന് നിലകളുള്ള പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഹൈസ്കൂൾ വിഭാഗത്തിന്റെ സ്ഥല പരിമിതികൾക്ക് പരിഹാരമാകും. തുടർന്ന് ഒരു ബഹുനില കെട്ടിടം കൂടി നിർമ്മിക്കുമ്പോൾ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വിദ്യാലയമായി ഇവിടം മാറുകയാണ്.
പ്രവേശന കവാടമൊരുക്കും
സ്കൂളിന് മനോഹരമായ പ്രവേശന കവാടം നിർമ്മിക്കാനും പദ്ധതി തയ്യാറാക്കി. പത്ത് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ നിർമ്മാണ ജോലികളും ഉടൻ തുടങ്ങും. സ്മാർട്ട് ക്ളാസ് മുറികൾ, ഹൈടെക് ലാബുകൾ, സ്കൂൾ ബസ്, ലൈബ്രറി, ടൊയ്ലറ്റ് സംവിധാനങ്ങൾ എന്നിവയൊക്കെ നേരത്തേതന്നെ പൂർത്തിയായിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിലും സ്മാർട്ട് ക്ളാസ് മുറികൾ സജ്ജമാക്കും.
കലാകായിക രംഗങ്ങളിൽ മികവ്
എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാലയമായ ഇവിടെ കലാ കായിക രംഗങ്ങളിലും മികവ് കാട്ടുന്നുണ്ട്. പ്രത്യേക പരിശീലനം ഇക്കാര്യത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയും ഏറ്റവും മികച്ച രീതിയിലാണ് നടത്തുന്നത്. വിവിധ ക്ളബ്ബുകളും രൂപീകരിച്ചിട്ടുണ്ട്.
ഓട്ടിസം സെന്റർ
സ്കൂൾ വളപ്പിൽ ഓട്ടിസം സെന്ററും പ്രവർത്തിക്കുന്നുണ്ട്. സ്റ്റേജിന്റെ പിൻഭാഗത്തായി നിർമ്മിച്ച കെട്ടിടമാണ് ഓട്ടിസം സെന്ററിന് വിട്ടുനൽകിയത്. നാല്പതിൽപ്പരം കുട്ടികളാണ് ഇവിടെയുള്ളത്. പരിമിതികൾ ഏറെയുണ്ടെങ്കിലും മെച്ചപ്പെട്ട പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.