കരുനാഗപ്പള്ളി: നമ്പരുവികാല കാഞ്ഞിരം കുന്നേൽ പൊന്നമ്മയുടെ വീട് എന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. പ്രളയത്തിൽ വീട് പൂർണമായും തകർന്ന് പോയ പൊന്നമ്മയ്ക്ക് സഹായവുമായി മുന്നോട്ട് വന്നത് കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കാണ്. കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം പൊന്നമ്മയ്ക്ക് വീട് നിർമ്മിച്ച് നൽകാൻ ബാങ്ക് തയ്യാറാവുകയായിരുന്നു. പ്രളയത്തിൽ വീടുകൾ തകർന്ന പാവങ്ങൾക്ക് സഹകരണ വകുപ്പ് വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ സഹകരണത്തോടെയാണ് സഹകരണ വകുപ്പ് നിർദ്ധനർക്ക് വീടുകൾ നിർമ്മിച്ച് നൽകിയത്. പൊന്നമ്മയ്ക്ക് നിർമ്മിച്ച വീടിന്റെ അങ്കണത്തിൽ വെച്ച് ബാങ്ക് പ്രസിഡന്റ് വി. ദിവാകരൻ താക്കോൽ കൈമാറി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർമാരായ സന്തോഷ് കുമാർ, അബ്ദുൽ ഹലിം, വില്ലേജ് ഓഫീസർ സാദത്ത്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശശികുമാർ, സജാനന്ദൻ കരുമ്പാലിൽ, ശശികല, ബാങ്ക് സെക്രട്ടറി ടി. സുഗതൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.