knb
ബാലഗോപാലിന്റെ മുഖംമൂടിയണിഞ്ഞ് നേതാക്കൾ

കൊല്ലം: 'എന്റെ പേര് ബാലഗോപാൽ, നിന്റെ പേര് ബാലഗോപാൽ, നമ്മുടെ പേര് ബാലഗോപാൽ' ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഇതു പറഞ്ഞിട്ട് ചുറ്റും നോക്കി. അവിടെ മുഴുവൻ അദ്ദേഹം കണ്ടത് അസംഖ്യം ബാലഗോപാലുമാരെ. അധികം വൈകാതെ അദ്ദേഹവും ബാലഗോപാലായി മാറി. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുപക്ഷ യുവജന സംഘടനകൾ സി.കേശവൻ സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയിലാണ് അസംഖ്യം ബാലഗോപാലുമാർ അണിനിരന്നത്.

യുവാക്കൾക്ക് ആവേശം പകർന്ന് ഉദ്ഘാടകനായ ഐസക്ക് ചെഗുവേരയുടെയും വിയറ്റ്‌നാമിന്റെയുമൊക്കെ കഥകൾ പറയുകയായിരുന്നു. ചെഗുവേരയുടെ വാക്കുകളായ 'ഞാനാണ് വിയറ്റ്‌നാം, നീയാണ് വിയറ്റ്‌നാം, നമ്മളാണ് വിയറ്റ്‌നാം" എന്ന മാതൃകയിൽ ബാലഗോപാലിനെയും കാണണം എന്നു പറഞ്ഞപ്പോഴായിരുന്നു സദസിലും വേദിയിലും മുഖംമാറ്റം. പ്രസംഗത്തിനിടെ സദസിൽ ചില പ്രവർത്തകർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. അവർ പിന്നീട് സ്റ്റേജിലേക്കും എത്തി. ഒരു ചെറുചിരിയോടെ കൈയിൽ വന്ന 'സാധനം' മുകേഷ് എം.എൽ.എ സദസിനു നേരെ തിരിച്ചുപിടിച്ചു. അപ്പോഴാണ് എല്ലാവരും അതു കണ്ടത് ബാലഗോപാലിന്റെ മുഖം.

അപ്പോൾത്തന്നെ കൈയിൽ വന്ന മുഖംമുടി അണിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ആദ്യത്തെ ബാലഗോപാലായി. പിന്നാലെ മുഖംമൂടി ചോദിച്ചു വാങ്ങി ഗണേഷ് കുമാർ എം.എൽ.എയും അതണിഞ്ഞു. താമസിയാതെ ഐസക്കുൾപ്പെടെ എല്ലാവരും അതണിഞ്ഞു. കൊല്ലത്തെ യുവത്വം ബാലഗോപാലിനൊപ്പം എന്ന ആശയവുമായാണ് യുവജന സംഘടനകൾ ബാലഗോപാലിന്റെ മുഖംമൂടി അണിഞ്ഞ് അവതരിപ്പിച്ചത്. ബാലഗോപാലിന്റെ മുഖംമൂടി അണിഞ്ഞ യുവാക്കൾ പിന്നീട് കൊല്ലം നഗരത്തിൽ പ്രകടനവും നടത്തി.