photo
നാലുവിള ജംഗ്ഷനിലെ പൊതുടാപ്പ്

കുണ്ടറ: കേരളപുരം ഇ.എസ്.ഐ ജംഗ്ഷനിൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം നാലുവിള ജംഗ്ഷൻ നിവാസികൾക്ക് ഒരു മാസമായി കുടിവെള്ളം ലഭിക്കുന്നില്ല. നിരവധി തവണ വാട്ടർ അതോറിറ്റിക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരം കാണുന്നില്ലെന്നാണ് ആക്ഷേപം.

ഉയർന്ന പ്രദേശമായതിനാലാണ് വെള്ളം കയറാത്തതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ ത്രിവേണി ജംഗ്‌ഷനിലെ വാൽവ് തുറക്കാത്തത് കൊണ്ടാണ് നാലുവിള ജംഗ്ഷനിൽ കുടിവെള്ളം ലഭിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട കൂലിപ്പണിക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെ ആകെയുള്ള ഒരു പൊതുടാപ്പിനെയാണ്. നിലവിൽ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.