കൊല്ലം: വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മടങ്ങിയ സൂപ്പർതാരം മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഇത്തവണ വോട്ട് അവകാശം നേരത്തേ ഉറപ്പിച്ചു. കൊച്ചി പനമ്പിള്ളി നഗർ ജി.എച്ച്.എസിലെ 103ാം നമ്പർ ബൂത്തിലാണ് ഇരുവർക്കും വോട്ട്. വോട്ടർപ്പട്ടികയിൽ 777ാം സ്ഥാനത്ത് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയും 782ാം സ്ഥാനത്ത് ദുൽഖർ സൽമാനുമുണ്ട്. ഇക്കാര്യം മമ്മൂട്ടി വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.

എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് വോട്ട് ചെയ്യാനെത്താറുള്ളയാളാണ് മമ്മൂട്ടി.

2014 ൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു വോട്ട് ചെയ്യാൻ എറണാകുളത്തെ പനമ്പിള്ളി നഗറിലെ എയ്റ്റ് ക്രോസ് റോഡിലെ ഫ്ളാറ്റിൽ എത്തിയപ്പോഴാണ് തന്റെയും മകന്റെയും പേര് വോട്ടർപ്പട്ടികയിൽ ഇല്ലെന്ന് അറിഞ്ഞത്. നേരത്തെ താമസിച്ചിരുന്ന ഗാന്ധിനഗറിലെ സ്കൈലൈൻ വില്ലയിൽ നിന്നും താമസം മാറിയതിനാലാണ് ലിസ്റ്റിൽ നിന്നു പുറത്തായതെന്നാണ് അന്ന് അധികൃതർ പറഞ്ഞത്.

വോട്ട് ചെയ്യാനാകാത്തതിന്റെ വിഷമം പരസ്യമായി പ്രകടിപ്പിച്ചാണ് താരം മടങ്ങിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മമ്മൂട്ടി ഭാര്യയ്ക്കൊപ്പമെത്തി വോട്ട് ചെയ്തിരുന്നു.