nk

കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ഇരവിപുരം നിയോജക മണ്ഡലത്തിൽ വൻ വരവേൽപ്. മണ്ഡലത്തിലെ മയ്യനാട്, കൊട്ടിയം വെസ്റ്റ്, ഇരവിപുരം, കൊല്ലൂർവിള എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. തൊഴിലാളികൾ ഏറെയുള്ള ഇരവിപുരം മണ്ഡലത്തിലെ പൊതുസമൂഹം പ്രേമചന്ദ്രനെ ഏറ്റെടുക്കുകയായിരുന്നു. രാവിലെ 8ന് നെ വാഹനവ്യൂഹം മയ്യനാട് ചന്തമുക്കിലെത്തിയപ്പോൾ ആവേശത്തോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രേമചന്ദ്രനെ സ്വീകരിച്ചത്.

വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ എല്ലാവരോടുമായി കുശലാന്വേഷണം. സ്വീകരണം ഏറ്റുവാങ്ങിയശേഷം ലഘുപ്രസംഗം. കൊല്ലം ബൈപ്പാസ് മുതൽ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണം വരെ നീളുന്ന വികസനപ്രവർത്തനങ്ങളുടെ സംക്ഷിപ്താവതരണം. ഇരവിപുരത്തെ റെയിൽ വികസനവും കശുഅണ്ടിതൊഴിലാളികളുടെ ഇ.പി.എഫ് അടക്കമുള്ള ജനക്ഷേമപ്രവർത്തനങ്ങളും പ്രസംഗത്തിൽ കടന്നുവന്നു. എല്ലാവർക്കും അഭിവാദ്യമർപ്പിച്ച് സ്ഥാനാർത്ഥി അടുത്ത സ്വീകരണസ്ഥലത്തേക്ക്.

മയ്യനാട്ടെ സ്വീകരണപരിപാടി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ചിദാനന്ദൻ, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്ഖാൻ, കെ. ബേബിസൺ, അഹമ്മദ് ഉബൈൽ, സജി ഡി. ആനന്ദ്, എ. യൂനുസ്‌കുഞ്ഞ്, നൗഷാദ് യൂനുസ്, എസ്. വിപിനചന്ദ്രൻ, ബിന്ദുജയൻ, കെ.ബി. ഷഹാൽ, ആർ.എസ്. അബിൻ, പി. ലിസ്റ്റൺ, ഉമയനല്ലൂർ റാഫി, വിപിൻ, ലീന ലോറൻസ്, എം. നാസർ, സി.കെ. അജയകുമാർ, വി. ശങ്കരനാരായണപിള്ള, കൊട്ടിയം ഫസലുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.