1
മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് വോട്ട് അഭ്യർഥിച്ച് നെടുമൺകാവിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

എഴുകോൺ: കോൺഗ്രസ് ദിശ മാറി സഞ്ചരിക്കുകയാണെന്നും ബി.ജെ.പിക്ക് കെട്ടിവച്ച കാശ് പോലും കിട്ടാത്ത സ്ഥലത്ത് വന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നത് അതിനുദാഹരണമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് വോട്ട് അഭ്യർത്ഥിച്ച് നെടുമൺകാവിൽ നടന്ന തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് മാദ്ധ്യമങ്ങളുടെ സ്പോൺസേർഡ് സർവേകൾക്ക് കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും 2004 ലേക്കാൾ മികച്ച വിജയം എൽ.ഡി.എഫ് നേടുമെന്നും കാനം അഭിപ്രായപ്പെട്ടു. ചെന്നിത്തലയുടെയും ശ്രീധരൻപിള്ളയുടെയും മുഖ്യ ശത്രു എൽ.ഡി.എഫാണ്. ആത്മഹത്യയല്ല പോരാട്ടമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ കർഷകർ കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ സമീപനങ്ങൾക്കെതിരെ രാജ്യത്ത് സമരം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന മോദി സർക്കാരിന് ജനങ്ങൾക്കായി എന്ത് ചെയ്തെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല. മതനിരപേക്ഷത തകർത്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമം. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ പ്രതിസന്ധികളെ അതിജീവിച്ച് വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണെന്നും പ്രളയത്തെ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കാനം വ്യക്തമാക്കി.