കുന്നത്തൂർ: ഭരണിക്കാവിനു സമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിയമർന്നു. പോരുവഴി പനപ്പെട്ടി ആതിര ഭവനത്തിൽ അജന്തയുടെ വീടാണ് കത്തി നശിച്ചത്. ഇന്നലെ പകൽ 12.30 ഓടെയായിരുന്നു സംഭവം. തീ പിടിക്കുമ്പോൾ അജന്തയും അമ്മ പൊന്നമ്മയും മകൻ അരുണും ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായമുണ്ടായില്ല.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട അയൽവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഫർണിച്ചറുകളടക്കം വീട്ടിലുണ്ടായിരുന്നവയെല്ലാം കത്തിനശിച്ചു. ടിൻ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീടിന്റെ മേൽക്കൂരയും വശങ്ങളും കത്തി നശിച്ചു. വിവരം അറിയിച്ചെങ്കിലും ഉടൻ തന്നെ ഫയർഫോഴ്സിന് എത്തിപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് അഗ്നിശമന സേന തീയണച്ചത്. വീട് തകർന്നതോടെ താമസിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വലയുകയാണ് ഈ നിർദ്ധന കുടുംബം.