പാരിപ്പള്ളി: കേരളം പ്രളയത്തിൽ വിറങ്ങലിച്ച് നിന്നപ്പോൾ അർഹമായ ദുരിതാശ്വാസം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കല്ലുവാതുക്കലിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ബദൽ സർക്കാരുണ്ടാക്കാൻ രാജ്യമാകെ ഒാടിനടന്ന രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് നൽകുന്നതെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാട് എന്നോർക്കണമെന്നും കാനം പറഞ്ഞു.
സി.പി.ഐ കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എം.എൽ.എമാരായ മുല്ലക്കര രത്നാകരൻ, ജി.എസ്. ജയലാൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, കെ. വരദരാജൻ തുടങ്ങിയവർ സംസാരിച്ചു. ധർമ്മപാലൻ സ്വാഗതം പറഞ്ഞു.