photo
ഹൈക്കോടതി ഉത്തരവ്

കൊല്ലം : ജനറൽ തസ്‌തികയിൽ പി.എസ്.സി പരീക്ഷയെഴുതി ആദ്യ റാങ്കുകൾ നേടിയ പട്ടികജാതിക്കാർക്ക് നിയനം നൽകാത്ത വിശാല കൊച്ചി വികസന അതോറിട്ടിക്കെതിരെ ഹൈക്കോടതി. നിലപാട് തിരുത്തി അടിയന്തരമായി നിയമനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടൗൺ പ്ളാനിംഗ് ഓഫീസർ, ഡെപ്യൂട്ടി പ്ളാനർ തസ്‌തികകളിലേക്കാണ് പി.എസ്.സി പരീക്ഷ നടത്തിയത്. ഗസറ്റഡ് റാങ്കിലുള്ള തസ്‌തികയിലേക്ക് ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ടൗൺ പ്ളാനിംഗ് ഓഫീസർ തസ്‌തികയിൽ ഇടുക്കി കുമളി ചെലിമട സുബിഷ് ഭവനിൽ എസ്. സുഭാഷ് ഒന്നാം റാങ്ക് നേടി. ഡെപ്യൂട്ടി ടൗൺ പ്ളാനർ തസ്‌തികയിൽ പാലക്കാട് ചിറ്റൂർ കറുകമണി താരുവള്ളി ഹൗസിൽ ആർ. ലീലാവതി ഒന്നാം റാങ്കും കൊട്ടാരക്കര കോട്ടാത്തല ശ്രീരാഘവത്തിൽ വി.എൽ. ഹിന്ദുജ രണ്ടാം റാങ്കും സ്വന്തമാക്കി. മൂന്നുപേരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. തുടർന്നാണ് ഇവരുടെ നിയമനം അട്ടിമറിച്ചത്.

അതിനിടെ ഇവർക്ക് നിയമനം നൽകുന്നതിന് പി.എസ്.സി സെലക്ഷൻ മെമ്മോയുമയച്ചു. എന്നാൽ മുൻപരിചയമില്ലെന്ന കാരണം കണ്ടെത്തി നിയമനം നിഷേധിക്കുകയും തൊട്ടുതാഴെയുള്ളയാളെ നിയമിക്കുകയും ചെയ്തു.

എന്നാൽ ജനറൽ തസ്‌തികയ്‌ക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പട്ടികജാതി - വർഗ വിഭാഗത്തിന് സർക്കാർ ചട്ടം പി-5 പ്രകാരം മുൻപരിചയം വേണ്ടെന്ന് പറഞ്ഞിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ സമീപിച്ചതോടെ ഉടൻ നിയമനം നടത്തി റിപ്പോർട്ട് ചെയ്യാൻ പി.എസ്.സി വീണ്ടും ഉത്തരവിട്ടെങ്കിലും പാലിച്ചില്ല. തുടർന്നാണ് ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.