കൊല്ലം: മാനേജർമാരുടെ നിയമനാധികാരം കവർന്നെടുക്കുന്ന സർക്കാരിന്റെ കെ.ഇ.ആർ ഭേദഗതി പൂർണമായും പിൻവലിക്കണമെന്ന് കേരള എയ്‌ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ മുഴുവൻ പ്രൊട്ടക്ടഡ് അദ്ധ്യാപകരെയും ഉൾക്കൊള്ളാൻ മാനേജർമാർ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നിട്ടും അദ്ധ്യാപക നിയമനങ്ങൾ സർക്കാർ അംഗീകരിക്കാത്തത് നീതിക്ക് നിരക്കാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. അടുത്ത അദ്ധ്യയന വർഷം മുതൽ സ്‌റ്റാഫ് ഫിക്‌സേഷൻ നൽകില്ലെന്ന സർക്കാർ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
അസോ. സംസ്ഥാന ട്രഷറർ രാധാകൃഷ്‌ണൻ പാലക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കല്ലട ഗീരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.വി. ഉല്ലാസ് രാജ്, മറ്റ് ഭാരവാഹികളായ പി.എ. അബ്ദുൽ മജീദ് ലബ്ബ, റെക്‌സ് വെളിയം, എച്ച്. അബ്‌ദുൾ ഷെരീഫ്, സിബി അലക്‌സ് തുടങ്ങിയവർ സംസാരിച്ചു.