beach
കൊല്ലം ബീച്ചിന് സമീപം കവറുകളിലാക്കി മാലിന്യം തള്ളിയ നിലയിൽ

കൊല്ലം: മുഖം മിനുക്കി മോടികൂട്ടുന്ന കൊല്ലം ബീച്ചിന് അഭംഗിയായി മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. ബീച്ചിന് മുന്നിലൂടെയുള്ള തീരദേശറോഡിനും കൊല്ലം തോടിനും ഇടയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് മാലിന്യലോബി ചണ്ടി ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്. നഗരസഭ ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കാൻ ആലോചിച്ചിരുന്ന സ്ഥലമാണ് മാലിന്യക്കൂനയായിരിക്കുന്നത്.

രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ലോറികളിൽ കൊണ്ടുവന്ന് ഇവിടെ തള്ളുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി സംസ്കരിക്കാനെന്ന പേരിൽ ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ ഉപേക്ഷിക്കുന്നത്. ഇടയ്ക്കിടെ ലോറികളിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യവും വിവിധയിടങ്ങളിൽ നിന്ന് പൊളിച്ച് നീക്കുന്ന കോൺക്രീറ്റ് മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.

ആദ്യമൊക്കെ കൊച്ചുപിലാംമൂട് പാലത്തിനോട്‌ ചേർന്നുള്ള സ്ഥലത്താണ് മാലിന്യം തള്ളിയിരുന്നത്. അടുത്തിടെയാണ് മാലിന്യനിക്ഷേപം ബീച്ചിന് മുന്നിലേക്ക് വ്യാപിച്ചത്. മാലിന്യക്കൂനയിൽ നിന്നുയരുന്ന അസഹ്യമായ ദുർഗന്ധം സഹിച്ചാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ബീച്ചിലേക്ക്‌ പോകുന്നത്.

 വാഹനം പാർക്ക് ചെയ്യാൻ ഇടമില്ല
കൊല്ലം ബീച്ചിനോട്‌ ചേർന്ന് പ്രത്യേക പാർക്കിംഗ്‌ കേന്ദ്രം ഉണ്ടെങ്കിലും പരിമിതമായ വാഹനങ്ങളേ ഇവിടെ പാർക്ക് ചെയ്യാനാകൂ. ഇവിടെ കൂടാതെ കൊല്ലം തോടിന്റെ കരയിലുള്ള സ്ഥലത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സമീപത്തെ റോഡ് നിർമ്മാണത്തിനായി ഇറക്കിയ മണ്ണും പാറയും ഇവിടത്തെ വലിയൊരു പ്രദേശം കൈയേറിയതോടെ ബീച്ചിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. അവധി ദിനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്. വാഹനങ്ങൾ റോഡ് കൈയേറി പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.