കൊല്ലം: പ്രഭാത സവാരി പതിവുള്ള കെ.എൻ. ബാലഗോപാൽ തിരഞ്ഞെടുപ്പ് തിരക്കുകളിലായപ്പോൾ നടത്തവും വ്യായാമവും മുടങ്ങി. എന്നാൽ തിരക്കുകൾ ഒഴിവാക്കി ഇന്നലെ രാവിലെ ആശ്രാമം മൈതാനത്ത് ബാലഗോപാൽ നടക്കാനെത്തി. ഒറ്റയ്ക്കായിരുന്നില്ല, ചെറുതല്ലാത്ത ഒരു സംഘവും ബാലഗോപാലിനൊപ്പമുണ്ടായിരുന്നു. ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വാക്കേഴ്‌സ് ക്ലബ് ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച 'നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം" എന്ന പരിപാടിയ്ക്കാണ് ബാലഗോപാൽ എത്തിയത്.
പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്ന സന്ദേശം ബാലഗോപാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ നേരത്തേ തന്നെ നൽകിയിരുന്നു. വെള്ള നിറത്തിലുള്ള ട്രാക് സ്യൂട്ടും ക്യാൻവാസും ലോകാരോഗ്യദിന സന്ദേശമെഴുതിയ വെള്ളത്തൊപ്പിയും ധരിച്ചാണ് അദ്ദേഹം എത്തിയത്.
ഒളിമ്പ്യൻ അനിൽകുമാർ പ്രായം കുറഞ്ഞ ഫിഡെ മാസ്റ്റർ ജുബിൻ ജിമ്മിക്ക് പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്‌തു. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിന് മുന്നിൽ നിന്ന് തുടങ്ങിയ നടത്തം അഡ്വഞ്ചർ പാർക്കിലെ ഓപ്പൺ ജിംനേഷ്യം വരെ നീണ്ടു. ബാലഗോപാൽ രാജ്യസഭാ എം.പിയായിരുന്നപ്പോഴാണ് പാർക്കിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത്. ജിംനേഷ്യത്തിൽ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ബാലഗോപാൽ ചർച്ച നടത്തി. സെൽഫി എടുക്കാനെത്തിയവർക്കൊപ്പവും അദ്ദേഹം സമയം ചെലവഴിച്ചു.
ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബിജു ബി. നെൽസൺ ആരോഗ്യദിന സന്ദേശം നൽകി. ഹൃദ്രോഗ വിദഗ്‌ദ്ധൻ ഡോ. ജോസഫ് കാർലോസ് വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എം. നൗഷാദ് എം.എൽ.എ മേയർ വി. രാജേന്ദ്രബാബു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ. രാമഭദ്രൻ, ഐ.എം.എ സെക്രട്ടറി ഡോ. വിനോദ് ജോർജ് ഫിലിപ്പ്, ഡോ. ജോസഫ് കാർലോസ്, ഡോ. റെയ്ച്ചൽ ഡാനിയേൽ, ഡോ. ജേക്കബ് ഡാനിയേൽ, ഡോ. ബി. പ്രിയലാൽ, ഡോ. സെൽവൻ ലൂക്കോസ്, ഡോ. ജേക്കബ് ജോൺ, ഡോ. ജി. അഭിലാഷ്, ഡോ. അനീഷ് കൃഷ്ണൻ, ഡോ. അജയ് കൃഷ്ണൻ, ഡോ. ആൽവിൻ, ഡോ. സുജിത്, ഡോ. വൈ. ഷിബു, ഡോ. ആർ. സുനിൽകുമാർ, പി. ഷിബു, സീഷോർ വാക്കേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.