കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടികൾ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഇന്നലെ പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിലായാണ് സ്വീകരണം സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ആലപ്പാട്ടെ ഗ്രാമ പഞ്ചായത്തിൽ നിന്നാരംഭിച്ച സ്വീകരണം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കല്ലിക്കോട്ട് മുക്കിൽ സമാപിച്ചു. രാവിലെ ആലപ്പാട്ടെത്തിയ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ. രാമചന്ദ്രൻ എം.എൽ.എയും ജനറൽ കൺവീനർ പി.ആർ. വസന്തനും സുനാമി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ആയിരം തെങ്ങ് പാലത്തിന് പടിഞ്ഞാറ് വശത്തു നിന്നും ആരംഭിച്ച സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആലപ്പാട് പഞ്ചായത്തിൽ ഉടനീളം ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള സ്വീകരണ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി എത്തിച്ചേർന്നു.