auto-driver
ആട്ടോ ഡ്രൈവർ

കൊട്ടിയം: ഇത്തിക്കരയാറ്റിൽ ചാടിയ യുവതിയുടെ ജീവൻ കൈ പിടിച്ചുയർത്തി ഒാട്ടോറിക്ഷാ ഡ്രൈവർ. അപ്രതീക്ഷിതമായി യുവതി ആറ്റിലേക്ക് ചാടുന്നതു കണ്ട് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഒാട്ടോറിക്ഷാ ഡ്രൈവറായ മനോജ് ഇത്തിക്കരയാറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് ഇത്തിക്കര പാലത്തിൽ നിന്നുമാണ് തട്ടാമല സ്വദേശിയായ യുവതി ആറ്റിലേക്ക് ചാടിയത്. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ യുവതി ഇത്തിക്കര പാലത്തിന്റെ വടക്കേ കൈവരിയിൽ കയറിയതിന് ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു. യുവതി ആറ്റിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാരും ഒാട്ടോറിക്ഷാ ഡ്രൈവർമാരും ഓടിയെത്തി. കൂട്ടത്തിലുണ്ടായിരുന്ന മനോജ്​ ജീവൻ പണയം വച്ച് ആറ്റിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിച്ച യുവതിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്. മണ്ണെടുത്ത് ആഴം കൂടുതലുള്ള ഭാഗത്താണ് യുവതി ചാടിയത്. മുങ്ങിത്താണെങ്കിലും ചെളിയിൽ പുതയാത്തതാണ് യുവതിക്ക് രക്ഷയായത്. നീരൊഴുക്ക് കൂടുതലായതിനാൽ വളരെ പണിപ്പെട്ടാണ് മനോജ് യുവതിയെ കരയ്ക്കെത്തിച്ചത്.