manikandan
സ്വീപിന്റെ ആഭിമുഖ്യത്തിൽ ചെറുവള്ളത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശയാത്ര

മൺറോത്തുരുത്ത്: സ്വീപ്പിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി വാഹനങ്ങൾ എത്താത്ത മേഖലകളിലെ വോട്ടർമാരെ ലക്ഷ്യമിട്ട് ചെറുവള്ളത്തിൽ സന്ദേശയാത്ര പുറപ്പെട്ടു.

'ഏപ്രിൽ 23ന് കൊല്ലം വോട്ട് ചെയ്യും', 'നമ്മുടെ ഇന്ത്യ, എന്റെ ഇന്ത്യ, എന്റെ കൊല്ലം' എന്നിങ്ങനെയുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയ അലങ്കരിച്ച ചെറുവള്ളമാണ് അഷ്ടമുടിക്കായൽ, കല്ലടയാറ്, ടി.എസ്. കനാൽ, മൺറോതുരുത്തിലെ ചെറുകനാലുകൾ എന്നിവയുടെ തീരങ്ങളിലൂടെ സഞ്ചാരം ആരംഭിച്ചിരിക്കുന്നത്. വള്ളക്കടവുകൾ, ജങ്കാർ കടവുകൾ എന്നിവിടങ്ങളിൽ ഈ ചെറുവള്ളം ഹാൾട്ട് ചെയ്യും.

വലിയൊരു വിഭാഗം ജനങ്ങളിൽ ഇത്തരത്തിൽ സന്ദേശം എത്തിക്കാൻ കഴിയുമെന്ന് സംഘാടകർ വിശ്വസിക്കുന്നു.

മൺറോത്തുരുത്ത് - പേഴുംതുരുത്ത് ജങ്കാർ കടവിൽ ആരംഭിച്ച സന്ദേശയാത്ര ജില്ലാ കളക്ടർ എസ്. കാർത്തികേയൻ ഫ്ലാഗ് ഓഫ് ചെയ്തു.

മൺറോത്തുരുത്ത് സ്വദേശി മണികണ്ഠനാണ് ദൗത്യം ഏറ്റെടുത്ത് ചെറുവള്ളവുമായി സഞ്ചരിക്കുന്നത്.

എല്ലാ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ജില്ലയിലുടനീളം സ്വീപിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.