പുത്തൂർ: ഇന്ത്യയിൽ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കംകുറിച്ചത് യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനാണെന്ന് പി. ഐഷാപോറ്റി എം.എൽ.എ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടാത്തലയിൽ സംഘടിപ്പിച്ച അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാം വാർഷികാഘോഷവും ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഭാരതത്തിലെ അസമത്വങ്ങൾക്കെതിരെ പ്രതികരിച്ച നവോത്ഥാന ചിന്തകളുടെ ഉപജ്ഞാതാവാണ് ഗുരുദേവൻ. വിദ്യാഭ്യാസ പുരോഗതിയിക്ക് ഊന്നൽ നൽകി അസമത്വങ്ങൾക്കും ജാതിചിന്തകൾക്കും എതിരെ പോരാടിയ ഗുരുദേവൻ ജനമനസുകളിൽ എന്നും നിറഞ്ഞുനിൽക്കുമെന്നും ഐഷാ പോറ്റി പറഞ്ഞു.
സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, ജി. ഗോപിനാഥൻ, കെ. മധുലാൽ ഓടനാാവട്ടം എം. ഹരിന്ദ്രൻ, കോട്ടത്തല വിജയൻ, എസ്. ശാന്തിനി, ക്ലാപ്പന സുരേഷ്, ഉമാദേവി, രാജ് ലാൽ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ദിലീപ്കുമാർ, ടി. ഗോപാലകൃഷ്ണൻ, ദിനേശ്കുമാർ, പാത്തല രാഘവൻ എന്നിവർ സംസാരിച്ചു.