കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോട്ട്കുന്നു വാട്ടർ ടാങ്കിനു സമീപം സ്വകാര്യ വ്യക്തികളുടെ റബർ പുരയിടങ്ങളിൽ വൻ തീപിടിത്തം. ഏക്കർ കണക്കിന് വസ്തു കത്തിനശിച്ചു. നെല്ലിമൂട് തേവരുവിള വീട്ടിൽ ജമീല, സമീപവാസികളായ ആരിദ്, നാസർ, എന്നിവരുടെ അഞ്ച് ഏക്കറോളം വരുന്ന വസ്തുവിലാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടമകൾ സ്ഥലത്തെ താമസക്കാരല്ലാത്തതിനാൽ തീപിടിച്ചത് അറിഞ്ഞത് ഏറെ വൈകിയാണ്. ഇവരെത്തി നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും സഹായത്തോടെ ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. പുനലൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും കുന്നിൻചരുവ് ആയതിനാൽ
തീയണയ്ക്കുന്നതിനാവശ്യമായ വെള്ളം എത്തിക്കാൻ ഇവർക്ക് സാധിച്ചില്ല. ഒടുവിൽ കാട്ടുചെടികളും പച്ചിലകളും വെട്ടി ഉപയോഗിച്ചാണ് തീയണച്ചത്. ഒരു മരം പൂർണമായും കത്തിയെരിഞ്ഞു. ടാപ്പിംഗ് ചെയ്യുന്നതും മൂന്നുവർഷം വളർച്ചയെത്തിയതുമായ മരങ്ങളുമാണ് കത്തി നശിച്ചത്. ആരെങ്കിലും വലിച്ചെറിഞ്ഞ തീക്കൊള്ളിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് സംശയിക്കുന്നത്. സാമൂഹ്യവിരുദ്ധരാരോ സിഗരറ്റ് വലിച്ച് കുറ്റിവലിച്ചെറിഞ്ഞതാകാം തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.