കൊല്ലം: സാഹിത്യത്തിൽ ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞതായി എഴുത്തുകാരൻ കെ.വി. മോഹൻകുമാർ പറഞ്ഞു. രശ്മി സജയന്റെ 'മയൻ' എന്ന നോവൽ കൊല്ലം പ്രസ്‌ക്ലബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോവൽ മരിച്ചു എന്ന ചർച്ചകൾ നടക്കുന്ന കാലമാണിത്. എന്നാൽ നോവൽ മരിച്ചിട്ടില്ലെന്ന് മാത്രമല്ല പുനർജനിച്ച് കൊണ്ടിരിക്കുകയാണ്. ലോകസാഹിത്യത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് നോവലാണെന്നും കെ.വി. മോഹൻകുമാർ പറഞ്ഞു. കെ.എം.എം.എൽ മുൻ എം.ഡി കെ. രാഘവനും സഹധർമ്മിണി ശുഭരാഘവനും പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ തെങ്ങമം പുസ്തകാവതരണം നടത്തി. കവി റഹിം ശാസ്താംകോട്ട, ചിത്രകാരൻ ജയകൃഷ്ണൻ കൊല്ലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. സജയൻ ഉപഹാരസമർപ്പണം നിർവ്വഹിച്ചു. ജയൻ മഠത്തിൽ സ്വാഗതവും രശ്മി സജയൻ നന്ദിയും പറഞ്ഞു.