കടയ്ക്കൽ: കേരളത്തിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നു പറയുന്ന എ.കെ. ആന്റണിക്ക് സ്ഥലജല വിഭ്രാന്തിയാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തുടയന്നൂർ പോതിയാരുവിള ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് സ്ഥാനാർത്ഥി പോലുമില്ലാത്ത വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ആരെ സഹായിക്കാനാണെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. രണ്ടാം യു.പി.എ ഭരണം അംബാനിക്ക് വേണ്ടിയായിരുന്നുവെങ്കിൽ മോദി ഭരണം അദാനിക്ക് തീറെഴുതി നൽകുകയായിരുന്നുവെന്നും പന്ന്യൻ പറഞ്ഞു.
പി.ജി. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, സാം കെ. ഡാനിയേൽ, എസ്. വിക്രമൻ, ജെ.സി. അനിൽ, എസ്. നസീർ, ബി. ശിവദാസൻ പിള്ള, ജി. ദിനേശ് കുമാർ, ജി.എസ്. പ്രിജിലാൽ, എം. ബാലകൃഷ്ണപിള്ള, ഡി. സനൽകുമാർ, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.