കൊട്ടിയം: കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് സുനാമി ഫ്ലാറ്റിലെ താമസക്കാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ചു. ധവളക്കുഴിയിലെ സുനാമി ഫ്ലാറ്റിലാണ് ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയത്. ഉടൻ പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പ് പാഴായതോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ കൊട്ടിയത്തെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
ജപ്പാൻ കുടിവെള്ള പൈപ്പിലെ തകരാറാണ് ജലവിതരണം മുടങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കൈതപ്പുഴയിലെ ടാങ്കിൽ നിന്ന് ഫ്ലാറ്റിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ചെങ്കിലും ജലസംഭരണി വൃത്തിയാക്കാത്തതിനാൽ വെള്ളം ഉപയോഗശൂന്യമായിരുന്നു. ഇതോടെ പ്രതിഷേധം രൂക്ഷമാകുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജലസംഭരണി വൃത്തിയാക്കിയ ശേഷം പമ്പിംഗ് നടത്താൻ തീരുമാനിച്ചു. അതുവരെ പൊതുടാപ്പ് വഴി ജലവിതരണം നടത്തുമെന്ന് വാട്ടർ അതോറട്ടി ഉദ്യോഗസ്ഥർ പറഞ്ഞു.