ചാത്തന്നൂർ: നിയന്ത്രണം വിട്ട കാർ എതിരെ വരികയായിരുന്ന ഓട്ടോയിലിടിച്ച ശേഷം റോഡരികിലെ വീട്ടിന്റെ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
കാർ ഓടിച്ചിരുന്ന ചാത്തന്നൂർ താഴം രാജ് ഭവനിൽ ബാബുരാജനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷാ ഡ്രൈവർ ചാത്തന്നൂർ മാമ്പള്ളിക്കുന്നം സജിൻ ഭവനിൽ സുഭാഷ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി 7.45ഓടെ ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചാത്തന്നൂരിൽ നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോ റിക്ഷയുടെ വശത്ത് ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ മതിലിൽ ഇടിച്ച് നിക്കുകയായിരുന്നു. അപകടകരമായി എതിരെ വരുന്ന കാർ കണ്ട് വെട്ടി ഒഴിച്ചതിനാലാണ് താൻ രക്ഷപെട്ടതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. കാറിലും ഓട്ടോ റിക്ഷയിലും മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല. മുഖത്തും തലയ്ക്കും പരിക്കേറ്റ കാർ ഡ്രൈവറെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.