കൊല്ലം: അവധിക്കാലം ആഘോഷിക്കാൻ കൊല്ലം ബീച്ചിലെത്തുന്നവർ ടൂറിസം വകുപ്പിന്റെ ജലകേളി കിഡ്സ് പാർക്ക് സന്ദർശിക്കാതെ മടങ്ങില്ല. പ്രവർത്തനം തുടങ്ങി ഒൻപത് മാസം പിന്നിടുമ്പോഴേക്കും കിഡ്സ് പാർക്ക് ജനകീയമായിക്കഴിഞ്ഞു.
ബീച്ചിലെ കാഴ്ചകളും കാറ്റും പിന്നെ ജലകേളിയിലെ വിനോദങ്ങളും പൂർത്തിയായെങ്കിലെ ആഘോഷം പൂർത്തിയാവുകയുള്ളു. ബീച്ചിനോട് ചേർന്നാണ് ടൂറിസം വകുപ്പ് കിഡ്സ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ബീച്ചിന് സമീപത്തായി അഡ്വഞ്ചർ പാർക്കും മറ്റൊരു പാർക്കുമൊക്കെയുണ്ടെങ്കിലും കുരുന്നുകൾക്ക് ജലകേളി പാർക്കിനോടാണ് പ്രിയം.
മുമ്പ് ജലകേളി കേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ടൂറിസം വകുപ്പ് കിഡ്സ് പാർക്കൊരുക്കിയത്. കൊല്ലം തോട്ടിലായി കുറച്ച് ദൂരം പെഡൽ ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും സമയം ചെലവിടാൻ വേണ്ടുന്നതെല്ലാം ഒരുക്കുകയും ചെയ്തു. മീറ്റിംഗുകൾക്കും സന്ദർശകർക്ക് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ ഭക്ഷണം ഉൾപ്പെടെ നൽകും. സായന്തനങ്ങളിൽ ചിലപ്പോഴൊക്കെ കലാപരിപാടികളുമുണ്ടാകും.
ചുരുങ്ങിയ സമയത്തോടെ പാർക്ക് ഹിറ്റായതോടെ ബീച്ച് കാണാനെത്തുവരൊക്കെ ഇവിടേക്ക് എത്തുന്നുണ്ട്. അവധിക്കാലം പ്രമാണിച്ച് പുതിയ ഐറ്റങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പാർക്ക് നടത്തിപ്പുകാരനായ എഫ് ആൻഡ് എഫ് അമ്യൂസ്‌മെന്റ് ഉടമ ഷാജഹാൻ പറഞ്ഞു. അഞ്ച് വർഷത്തേക്കാണ് ഷാജഹാൻ കരാർ ഏറ്റെടുത്തിട്ടുള്ളത്.
കുട്ടികൾക്കായി..
അമ്യൂസ്മെന്റ് പാർക്ക്, ഐസ്ക്രീം പാർലർ, ഡാൻസിംഗ് വാട്ടർ, ഗോസ്റ്റ് ഹൗസ്, ജുറാസിക് കേവ്, കുട്ടികളുടെ റൈഡുകൾ, ഊഞ്ഞാലുകൾ, ബോട്ടിംഗ്, ലാൻഡ്സ്കേപ്പിംഗ് , ബലൂണുകൾ, ട്രെയിൻ, പ്ളെയിൻ, ജയന്റ് വീൽ, ഡ്രാഗൺ ട്രെയിൻ, കൊളമ്പസ്, മേരിഗോ തുടങ്ങിയവയാണ് കുട്ടികളുടെ വിനോദത്തിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്.