കൊല്ലം: ചക്രഷൂസുകളിൽ നടന്നും തെന്നിയും നീങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കൊല്ലത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ
രാവിലെ ആശ്രാമം അഡ്വഞ്ചർ പാർക്കിലും വൈകിട്ട് ലാൽബഹദൂർ സ്റ്റേഡിയം പരിസരത്തുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം നടക്കുന്നത്. മൂന്നര വയസുള്ള ജുആൻ അനിൽ ജോസും മുഹമ്മദ് ഇർഫാനുമാണ് ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞവർ. വിവിധ മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി ജില്ലാ- സംസ്ഥാന താരങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും ക്യാമ്പിലുണ്ട്. ജില്ലാ - സംസ്ഥാന അസോസിയേഷനുകളുടെ അംഗീകൃത പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 33 വർഷമായി ക്യാമ്പ് നടക്കുന്നുണ്ടെന്നും അവധിക്കാല ക്യാമ്പിൽ പരിശീലനം നേടിയ ക്ലബ് അംഗങ്ങൾ കഴിഞ്ഞ ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ചതായും സെക്രട്ടറി പി.ആർ. ബാലഗോപാൽ പറഞ്ഞു. ക്യാമ്പ് ജൂൺ രണ്ടിന് സമാപിക്കും. ഫോൺ: 9447230830.