al
കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നീലേശ്വരം പിണറ്റിൻമൂട് ജംഗ്ഷനിൽ നടന്ന യു.ഡി.എഫ് പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയത് ചർച്ചകളിലൂടെയാണെന്നും അത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നീലേശ്വരം പിണറ്റിൻമൂട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. ബി.ജെ.പിയുടെ പ്രകടനപത്രിക തയാറാക്കിയത് അടച്ചിട്ട മുറിയിലായതിനാൽ അത് ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദവും ദീർഘവീക്ഷണമില്ലതുമാണ്. തൊഴിലില്ലായ്മയും കാർഷികമേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തണം.

അതിനാൽ വിവേകത്തോടെയുള്ളതാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിജു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, പെരുംകുളം സജിത്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി ആർ. രാജശേഖരൻ പിള്ള, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി. ഗോപകുമാർ, ചാലൂക്കോണം അനിൽ, നെടുവത്തൂർ വേണു, ജലജ സുരേഷ്, കെ. ഇന്ദിര, എസ്.ഒ. സുഗതകുമാരി, ഉണ്ണി പിണറ്റിൻമൂട് എന്നിവർ പ്രസംഗിച്ചു.