photo
പുത്തൂർ പാങ്ങോട് നിർമ്മിച്ച തണ്ണീർപന്തൽ വഴിയോര വിശ്രമ കേന്ദ്രം

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രമായ പുത്തൂരിലെ 'തണ്ണീർ പന്തൽ' 20ന് പ്രവർത്തനം തുടങ്ങും. ഫെബ്രുവരി 26ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിന്റെ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിരുന്നില്ല.

കരാർ നൽകുന്നതിലും വൈദ്യുതി ലഭിക്കുന്നതിലുമുണ്ടായ കാലതാമസമാണ് തടസമായത്.

കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ പുത്തൂർ പാങ്ങോട് ജംഗ്ഷനിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് തണ്ണീർ പന്തൽ ഒരുക്കിയിരിക്കുന്നത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന ഭൂമി ഇതിനായി വിട്ടുനൽകി. ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദന്റെ ശ്രമഫലമായി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് വേറിട്ട വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചത്. കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങളൊരുക്കാൻ 5 ലക്ഷവും ചെലവായി. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ ജില്ലയിൽ ആറിടത്ത് തണ്ണീ‌ർപന്തൽ നിർമ്മിക്കുന്നുണ്ട്. ഇതിൽ ആദ്യം പൂർത്തിയായത് പുത്തൂരിലാണ്.

പ്രവർത്തനം തുടങ്ങുന്നതോടെ ഇത് വഴിയാത്രക്കാർക്ക് വലിയ അനുഗ്രഹമായി മാറും. കത്തുന്ന വേനൽച്ചൂടിൽ യാത്ര ചെയ്ത് ക്ഷീണിച്ചെത്തുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഇടമായതിനാൽ കേന്ദ്രം ജനകീയമാകുമെന്നുതന്നെയാണ് പ്രതീക്ഷ. നേരത്തേ ഉദ്ഘാടനം നടന്നതിനാൽ ആഘോഷങ്ങളില്ലാതെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തിപ്പ് ചുമതല നൽകിയിരിക്കയാണ്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നിരീക്ഷണമുണ്ടാകും.

കിടയറ്റ സുരക്ഷയും ഉറപ്പ്

ദീർഘദൂര യാത്രക്കാർക്കാണ് തണ്ണീർപ്പന്തൽ കൂടുതൽ പ്രയോജനപ്പെടുക. സുരക്ഷിതമായ വിശ്രമ സങ്കേതമായി മാറ്റുമെന്നാണ് ഇത് വിഭാവനം ചെയ്തപ്പോൾത്തന്നെ ജില്ലാ പഞ്ചായത്ത് ഉറപ്പ് നൽകിയത്. സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റേതടക്കം അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ ഫോൺ നമ്പരുകൾ കേന്ദ്രത്തിൽ പ്രദർശിപ്പിക്കും. യാത്രക്കാർ വിളിച്ചാലുടൻ പൊലീസിന്റെ സേവനം ലഭിക്കും വിധമാണ് ക്രമീകരണം.

സൗകര്യങ്ങൾ ഏറെ

വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, റെസ്റ്റോറന്റ്, ടോയ്ലറ്റ് സംവിധാനങ്ങൾ, മുലയൂട്ടൽ കേന്ദ്രം, എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ, ടി.വി കാണാനുള്ള സൗകര്യം എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. എ.ടി.എം കൗണ്ടർ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മറ്റ് സംവിധാനങ്ങളൊക്കെ സജ്ജമായിക്കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വൈദ്യുതി കണക്ഷനും ലഭിക്കും.