കുണ്ടറ : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് വോട്ടഭ്യർത്ഥിച്ച് വേലുത്തമ്പി വേഷധാരി നഗരത്തിലെത്തിയത് കൗതുകമായി. എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിലാണ് കുണ്ടറയിൽ വേലുത്തമ്പി വേഷധാരിയും പടയാളികളും വേറിട്ട തരത്തിലുള്ള പ്രചാരണവുമായി രംഗത്തെത്തിയത്. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിന്റെ സ്മാരകമായ ഇളമ്പള്ളൂരിലെ കുണ്ടറ വിളംബര സ്മാരക സ്തൂപത്തിനു മുന്നിൽ നിന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കൊടികളേന്തിയ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ സംഘത്തിൽ അണിനിരന്നു. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും വോട്ടഭ്യർത്ഥിച്ചും ലഖുലേഖകൾ വിതരണംചെയ്തുമാണ് സംഘം കെ.എൻ. ബാലഗോപാലിനുവേണ്ടി വോട്ടഭ്യർത്ഥിച്ചത്. എൽ.ഡി.വൈ. എഫ് നേതാക്കളായ ജി. ഗോപിലാൽ, എ.ജെ. മാക്സൺ, ശ്യാം, ഒ. എസ്. വരുൺ, ബി. ബിജു, സ്റ്റാലിൻ. സിറിൽ, എം. അനീഷ്, സിജോ എന്നിവർ നേതൃത്വം നൽകി.