photo

കൊല്ലം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന മാണിസാറിനെയാണ് എല്ലാവർക്കും പരിചയം,​ എന്നാൽ അദ്ദേഹത്തിന്റെ മനസിലൊരു കുട്ടിമാണിയുണ്ടെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബാൾ കളിക്കുന്ന കെ.എം. മാണിയുടെ കൗതുകം നിറഞ്ഞ വീഡിയോ ജോസ് കെ. മാണിയുടെ മകൻ കുഞ്ഞുമാണിയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

പാലായിലെ തറവാട്ടുവീട്ടിലാണ് വല്യപ്പച്ചനും കൊച്ചുമക്കളുമൊത്തുള്ള ഫുട്ബാൾ കളി. ഡൈനിംഗ് ഹാളിൽ നിന്ന് ശക്തമായ ക്വിക് എടുക്കുന്ന വല്യപ്പച്ചനെ കൊച്ചുമക്കൾ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞാൻ വല്യേ ഫുട്‌ബാളറായിരുന്നെന്നും കളിക്കിടെ മാണി പറയുന്നുണ്ട്. ആദ്യ കിക്കിൽ ഫുട്ബാളിനൊപ്പം മാണിയുടെ കാലിലെ ചെരുപ്പും ഊരിത്തെറിച്ചു. കുട്ടികൾ കളിയാക്കിയപ്പോൾ ചെരുപ്പ് തിരികെത്തരാൻ പറയുന്നുണ്ട്. വീണ്ടും ചെരുപ്പിട്ടിട്ട് പന്ത് അടിച്ച് തെറിപ്പിക്കുന്നുണ്ട്.

കുട്ടിക്കാലം മുതൽ ഫുട്ബാൾ കളിയോട് വല്യ കമ്പക്കാരനായിരുന്നു മാണി. ടി.വിയിൽ ഫുട്ബാൾ കളിയുള്ളപ്പോഴും പതിവായി കാണാറുണ്ട്. രാഷ്ട്രീയത്തിലും ഭരണത്തിലും തിരക്കേറിയപ്പോൾ ഫുട്ബാൾ പ്രേമവുമായി കൂടുതൽ ഇഴുകിച്ചേരാൻ കഴിയാറില്ലെന്ന് മാണി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.