കരുനാഗപ്പള്ളി: അധികാര രാഷ്ട്രീയത്തിൽ നിന്നും മതങ്ങൾ പിന്മാറണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഗം വൃന്ദാകാരാട്ട് പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി തഴവാ കുറ്റിപ്പുറം ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദാകാരാട്ട്. മതങ്ങൾ രാഷ്ട്രീയവുമായി കൂടിക്കലർന്നാൽ ആത്മീയതയുടെ അടിത്തറ തന്നെ തകർന്ന് പോകും. ബി.ജെ.പി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും വൻവെല്ലുവിളി നേരിടുകയാണ്. ഇന്ത്യൻ ഭരണഘടനയെപ്പോലും അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ ഒരവസരം കൂടി ജനങ്ങൾ നൽകിയാൽ നിലവിലെ ഭരണഘടന മനുസ്മൃതിക്ക് അനുയോജ്യമായി തിരുത്തിക്കുറിക്കുമെന്ന് വൃന്ദാകാരാട്ട് പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ പിണറായി വിജയന്റെ സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ എൽ.ഡി.എഫ് ഭരണത്തിൽ സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നു. ഒരോ മണിക്കൂറിലും ഇന്ത്യയിൽ 4 സ്ത്രീകൾ വീതം ആക്രമിക്കപ്പെടുമ്പോഴാണ് കേരളം സ്ത്രീ സംരക്ഷണത്തിന് മാതൃകയാകുന്നത്. പാവപ്പെട്ടവരുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിന്റെ അകത്തളങ്ങളിൽ ഉയർന്ന് കേൾക്കാൻ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എ.എം. ആരിഫിനെ വിജയിപ്പിക്കണമെന്ന് വൃന്ദാ കാരാട്ട് വോട്ടർമാരോട് അഭ്യർത്ഥിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, പി.ആർ. വസന്തൻ, സൂസൻകോടി, സി.എസ്. സുജാത, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, റെജിഫോട്ടോപാർക്ക്, കരുമ്പാലി സദാനന്ദൻ, പി.ബി. സത്യദേവൻ, രാജമ്മാ ഭാസ്ക്കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡോ. എ.എ. അമീൻ, കടത്തൂർ മൺസൂർ, തുടങ്ങിയവർ സംസാരിച്ചു.