കൊല്ലം: പുതുതലമുറയുടെ മനസിൽ കുട്ടിക്കാലത്ത് തന്നെ ഗുരുദേവ ദർശനങ്ങൾ ഉറപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദർശനങ്ങൾ ഉൾക്കൊള്ളുന്നവർ നന്മയുടെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾക്ക് ഗുരുദർശനങ്ങൾ പകർന്ന് നൽകാൻ അദ്ധ്യാപകരും രക്ഷാകർത്താക്കളും കൂടുതൽ ശ്രദ്ധിക്കണം. 20 വർഷത്തിനുള്ളിൽ മികച്ച സ്ഥാപനമായി വളരാൻ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന് കഴിഞ്ഞു. ഇതിൽ പി.ടി.എയുടെ പങ്ക് നിർണായകമാണ്. വിദ്യാർത്ഥികളുടെ എല്ലാ മേഖലയിലുമുള്ള വളർച്ചയ്ക്ക് വലിയ പിന്തുണ നൽകാൻ വരുംകാലങ്ങളിൽ പി.ടി.എ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
പി.ടി.എ പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ സ്വാഗതവും പി.ടി.എ സെക്രട്ടറി ആർ. ശിവപ്രസാദ് നന്ദിയും പറഞ്ഞു. പി.ടി.എയുടെ പുതിയ ഭാരവാഹികളായി ബിജു വിജയൻ (പ്രസിഡന്റ്), ബി. ശിവപ്രസാദ് (വൈസ് പ്രസിഡന്റ്), മണിയൻപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.